മേജർ ജനറൽ ജോയ്‌സ് ഗ്ലാഡിസ് റോച്ച് വിരമിച്ചു
Wednesday, September 30, 2020 6:38 PM IST
ന്യൂ ഡൽഹി: മുപ്പത്തെട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം മേജർ ജനറൽ ജോയ്‌സ് ഗ്ലാഡിസ് റോച്ച് മിലിറ്ററി നഴ്‌സിംഗ് സർവീസിൽ നിന്നും സെപ്റ്റംബർ 30-ന് വിരമിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന്‍റെ ഭാഗമായ മിലിറ്ററി നഴ്‌സിംഗ് സർവീസിലെ അഡീഷണൽ ഡയറക്ടർ ജനറൽ മിലിറ്ററി നഴ്‌സിംഗ് (ADGMNS) എന്ന അത്യുന്നത പദവിയിൽ 2019 സെപ്‌റ്റംബർ ഒന്നു മുതൽ സേവനമനുഷ്ടിച്ചതിനു ശേഷമാണ്
മലയാളിയായ ജോയ്സ് വിരമിക്കുന്നത്.

ഡൽഹി സൈനിക ആശുപത്രിയിൽ പ്രിൻസിപ്പൽ മേട്രനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ജനറൽ റോച്ച് 1981-ലാണ് സർവീസിൽ ചേർന്നത്. സേവനത്തിന്‍റെ ഭൂരിഭാഗവും ഇവർ ഒരു കാർഡിയാക് തൊറാസിക് ഓപ്പറേഷൻ തീയേറ്റർ മേട്രൺ ആയാണ് പ്രവർത്തിച്ചിരുന്നത്. മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുൾ കലാം തുടങ്ങി മറ്റു പല മഹദ് വ്യക്തികളും ജോയ്‌സ് ഗ്ലാഡിസ് റോച്ചിന്‍റെ സേവനങ്ങളെ പ്രശംസിച്ചിട്ടുണ്ട്.

മഹാമാരിയായ കോവിഡിനെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും ഭാരതീയ സേന നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജോയ്സ് തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മിലിറ്ററി നഴ്‌സിംഗ് സർവീസിൽ വർഷം തോറും നടത്തി വരുന്ന ബിഎസ് സി (എൻ), എംഎസ് സി (എൻ) കോഴ്‌സ്‌ പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷയും ഈ വർഷം ജനറൽ റോച്ചിന്‍റെ നേതൃത്വത്തിൽ ഓൺലൈൻ മുഖേന വിജയകരമായി നടത്തി.

തൃശൂർ കടുകുറ്റിയാണ് സ്വദേശം.

റിപ്പോർട്ട്: പി.എൻ. ഷാജി