ജര്‍മനി പുനരേകീകരണ വാര്‍ഷികം ആഘോഷിച്ചു
Monday, October 5, 2020 9:18 PM IST
ബര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണത്തിന്‍റെ മുപ്പതാം വാര്‍ഷികം രാജ്യം ആഘോഷിച്ചു. സമാധാനപരമായ പ്രക്ഷോഭങ്ങളിലൂടെ പശ്ചിമ ജര്‍മനിയുടെയും പൂര്‍വ ജര്‍മനിയുടെയും പുനരൈക്യം സാധ്യമാക്കിയവരെ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മെയര്‍ പ്രകീര്‍ത്തിച്ചു.

ബര്‍ലിനില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പോട്സ്ഡാം നഗരത്തിലായിരുന്നു പ്രധാന ആഘോഷ പരിപാടികള്‍. കോവിഡ് നിയന്ത്രണം മൂലം പരിപാടികൾ പരിമിതമായ തോതില്‍ മാത്രമായിരുന്നു.

ശീതയുദ്ധകാലത്തിന്‍റെ അവസാനമുണ്ടായ പുതുയുഗപ്പിറവിയെ നന്ദിപൂര്‍വം സ്മരിക്കുന്നു എന്ന് സ്റ്റീന്‍മെയര്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ആഘോഷ പരിപാടിയിലെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

ഇന്നു വീണ്ടും ധൈര്യം കാണിക്കേണ്ട സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കേണ്ടതെന്നാണ് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞത്. രാജ്യത്തിന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അന്തരങ്ങള്‍ പരിഹരിക്കാന്‍ ധൈര്യം ആവശ്യമാണെന്നും മെർക്കൽ വിശദീകരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ