ബെലാറസില്‍ ജര്‍മനി മധ്യസ്ഥം വഹിക്കണം: സ്വെറ്റ്ലാന
Tuesday, October 6, 2020 9:27 PM IST
ബര്‍ലിന്‍: രാജ്യഭ്രഷ്ടയാക്കപ്പെട്ട ബെലാറസ് പ്രതിപക്ഷ നേതാവ് സ്വെറ്റ്ലാന തിഖാനോവ്സ്കായ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ചയ്ക്ക് തയാറെടുക്കുന്നു. ബെലാറസിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാന്‍ ജര്‍മനി മധ്യസ്ഥം വഹിക്കണമെന്ന് ചര്‍ച്ചകള്‍ക്കു മുന്നോടിയായി സ്വെറ്റ്ലാന ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ജര്‍മനി. ബെലാറസിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് വലിയ സഹായങ്ങള്‍ ചെയ്യാന്‍ ജര്‍മനിക്കു ശേഷിയുണ്ടെന്നും സ്വെറ്റ്ലാന അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ചയാണ് മെര്‍ക്കലും സ്വെറ്റ്ലാനയും തമ്മിലുള്ള കൂടിക്കാഴ്ച. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി തന്നെയായിരിക്കും മുഖ്യ ചര്‍ച്ചാ വിഷയമെന്ന് മെര്‍ക്കലിന്‍റെ വക്താവ് ഉല്‍റികെ ഡെമ്മര്‍ സ്ഥിരീകരിച്ചു.

സമാധാനപരമായ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് ജര്‍മനി നേരത്തെ തന്നെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ