ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കളിൽ ജര്‍മന്‍ ശാസ്ത്രജ്ഞനും
Wednesday, October 7, 2020 8:44 PM IST
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനം ഒരു ജര്‍മൻകാരൻ ഉള്‍പ്പെടെ മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. തമോഗര്‍ത്തം രൂപപ്പെടുന്നത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ ശക്തമായ പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയതിനാണ് ജര്‍മന്‍കാരന്‍ റീന്‍ഹാഡ് ജെന്‍സല്‍, അമേരിക്കക്കാരി ആന്‍ഡ്രിയ ഗ്വെസ് എന്നിവരെ സമ്മാനത്തിനു തെരഞ്ഞെടുത്തത്.

തമോഗര്‍ത്തങ്ങളെക്കുറിച്ച ശാസ്ത്രലോകത്തിന്‍റെ ധാരണ ഗണിതശാസ്ത്രത്തിലൂടെ വികസിപ്പിച്ചതിനാണ് ബ്രിട്ടീഷുകാരനായ റോജര്‍ പെന്‍റോസിനെയും സമ്മാനിതരില്‍ ഉള്‍പ്പെടുത്തിയത്. 11 ലക്ഷം ഡോളര്‍ (ഏകദേശം 8.05 കോടി രൂപ) ആണ് മൂന്നു പേര്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക.

ക്ഷീരപഥത്തില്‍ തമോഗര്‍ത്തത്തിന് ചുറ്റും നക്ഷത്രങ്ങള്‍ നീങ്ങുന്നതായാണ് ജെന്‍സലും ആന്‍ഡ്രിയയും കണ്ടെത്തിയത്. സൂര്യന്‍റെ പിണ്ഡത്തിന്‍റെ നാല് ദശലക്ഷം മടങ്ങുള്ള തമോഗര്‍ത്തമായിരുന്നു ഇരുവരും കണ്ടെത്തിയത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍റെ ആപേക്ഷികത സിദ്ധാന്തത്തെ അടിസ്ഥാനമാക്കി തമോഗര്‍ത്തങ്ങളുടെ രൂപവത്കരണം സാധ്യമാണെന്ന് പെന്‍റോസ് തെളിയിച്ചു. എക്കാലവും സയന്‍സ് ഫിക്ഷനുകള്‍ക്ക് പ്രചോദനമായ തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢ വസ്തുക്കളില്‍ ഒന്നാണ്.

സമ്മാനത്തിന്‍റെ പകുതിക്ക് പെന്‍റോസ് അര്‍ഹനായതായി നൊബേല്‍ അക്കാദമി സെക്രട്ടറി ജനറല്‍ ഗോരാന്‍ കെ. ഹാന്‍സന്‍ പറഞ്ഞു. പകുതി തുക ജെന്‍സലും ആന്‍ഡ്രിയയും പങ്കിടും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ