ജര്‍മനിയില്‍ 47 കോവിഡ് അപകട മേഖലകള്‍
Thursday, October 15, 2020 8:13 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ശക്തമായി തുടരുകയാണ്. ലക്ഷത്തിന് 50 പേര്‍ക്ക് രോഗം ബാധിച്ച മേഖലകളെയെല്ലാം അപകട മേഖലകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ 47 കോവിഡ് അപകട മേഖലകള്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

എന്നാൽ കോവിഡ് വ്യാപനത്തിന്‍റെ വേഗം കുറയ്ക്കുന്നതിന് കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.കൂടുതല്‍ സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം നിര്‍ബന്ധിതമാക്കണമെന്നും സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതമാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള കൂടുതല്‍ കടുത്ത നടപടികള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളുടെ കരട് സര്‍ക്കാര്‍ തയാറാക്കി വരുകയാണ്. 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ഇതിന് അന്തിമ രൂപം നല്‍കുക. ലക്ഷത്തിന് അമ്പത് പേര്‍ക്ക് രോഗം ബാധിക്കുന്ന മേഖലകളെയാണ് സര്‍ക്കാര്‍ നിലവില്‍ കോവിഡ് അപകട മേഖലകളായി കണക്കാക്കുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതിനും വ്യത്യാസം വന്നേക്കും.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, ബര്‍ലിന്‍, ബവേറിയ എന്നിവിടങ്ങളിലാണ് ഇവയില്‍ ഏറെയും. ഒപ്പമുള്ള ഭൂപടത്തില്‍ പ്രധാനപ്പെട്ട അപകട മേഖലകള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ജര്‍മനിയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകള്‍. രോഗവ്യാപനം മൂര്‍ധന്യത്തിലായിരുന്ന ഏപ്രിലിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം അയ്യായിരം കടക്കുന്നത്. 5132 കേസുകളാണ് ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച ഇത് 4,122 ആയിരുന്നു. ചൊവ്വാഴ്ച 13 പേര്‍ മരിച്ച സ്ഥാനത്ത് ബുധനാഴ്ച 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി.ആദ്യ ഘട്ടത്തില്‍ യൂറോപ്പില്‍ ഏറ്റവും ഫലപ്രദമായി കോവിഡ് നിയന്ത്രിച്ച രാജ്യമായിരുന്ന ജര്‍മനിയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കു നടുവിലും രോഗവ്യാപനം വര്‍ധിക്കുകയാണ്.

കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തെ നേരിടുന്നതിന്‍റെ ഭാഗമായി ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളും അപകട മേഖലകളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടലുകളില്‍ രാത്രി താമസം നിരോധിച്ചിട്ടുണ്ട്.അപകടമേഖലകളില്‍ നിന്നുള്ള സ്റ്റേറ്റുകളില്‍ നിന്നുള്ള യാത്രികര്‍ക്ക് പല സംസ്ഥാനങ്ങളും ക്വാറന്‍റൈനും നിര്‍ബന്ധമാക്കുന്നു.

ബര്‍ലിന്‍ പോലുള്ള സംസ്ഥാനങ്ങൾ ആഭ്യന്തര യാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുമില്ല. ബ്രമനില്‍ നിര്‍ബന്ധിത ക്വാറന്‍റൈനും ഇല്ല.
എന്നാല്‍ മെക്കലന്‍ബര്‍ഗ് വെസ്റ്റേണ്‍ പോമറേനിയയിലും മറ്റും ക്വാറന്‍റൈന്‍ മാത്രമല്ല നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിസല്‍റ്റും നിര്‍ബന്ധമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ