യുക്മ കേരളപിറവി ആഘോഷം നവംബർ ഒന്നിന് ഫേസ്ബുക്ക് ലൈവിൽ
Friday, October 16, 2020 8:12 PM IST
ലണ്ടൻ: യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസോസിയേഷൻസ് നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ മലയാള നാടിന്‍റെ നന്മകളുമായി ഫേസ്ബുക്ക് ലൈവിൽ ചരിത്രം കുറിക്കാൻ എത്തുന്നു. ഞായർ വൈകുന്നേരം മൂന്നു മുതൽ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന കലാവിരുന്നുകൾക്കൊപ്പം, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.

കോവിഡിന്‍റെ രണ്ടാം വ്യാപനത്തെ അഭിമുഖീകരിക്കുവാൻ ബ്രിട്ടൻ തയാറെടുപ്പുകൾ തുടരവേ, വെർച്വൽ ആഘോഷങ്ങൾ മാത്രമേ അതിജീവനത്തിന്‍റെ പാതയിൽ സ്വീകാര്യമായുള്ളൂ എന്ന തിരിച്ചറിവിലാണ് ഫേസ്ബുക്ക് ലൈവുമായി കേരളപിറവി ആഘോഷിക്കുവാൻ യുക്മ ദേശീയ കമ്മിറ്റി തീരുമാനിച്ചത്.

ജ്ഞാനപീഠ പുരസ്കാര ജേതാവ് മൺമറഞ്ഞ സാംസ്കാരിക ഇതിഹാസം മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്കാരിക പരിപാടികൾ നവ്യാനുഭൂതി പകരുന്നതാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് യുക്മ ദേശീയ കമ്മിറ്റി.

ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, കേരളപിറവി ആഘോഷങ്ങളുടെ ചുമതലയുള്ള ദേശീയ കമ്മിറ്റി അംഗം കുര്യൻ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യുകെ മലയാളി സമൂഹത്തിലെ നിരവധി പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മലയാളത്തിന്‍റെ മഹാ ആഘോഷമായി നവംബർ ഒന്നിനെ മാറ്റുവാനുള്ള തയാറെടുപ്പിലാണ് സംഘാടകർ.

റിപ്പോർട്ട്: സജീഷ് ടോം