യുക്മ ലൈവ് ഷോ നവംബർ ഒന്നിന്
Friday, October 30, 2020 5:46 PM IST
‌ലണ്ടൻ: മലയാള ഭാഷയുടെ മുഴുവൻ മഹത്വവും മനോഹാരിതയും പ്രേക്ഷകരിൽ എത്തിക്കുവാൻ കഴിയും വിധമുള്ള വശ്യതയാർന്ന കലാ സാംസ്കാരിക പരിപാടികൾ യുക്മ കേരള പിറവി ദിനാഘോഷത്തിനുവേണ്ടി അണിയറയിൽ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബർ ഒന്ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് യുക്മ ഫേസ്ബുക്ക് പേജിൽ ആരംഭിക്കുന്ന ലൈവ് ഷോയിൽ ബ്രിട്ടണിലെ സർഗധനരായ ഒരു കൂട്ടം ഗായകർ തങ്ങളുടെ ദേവസംഗീതവുമായി ഒത്തു ചേരും.

യുക്മ സ്റ്റാർ സിംഗർ സീസൺ-2 വിജയിയും യുകെയിലെ മുൻനിര ഗായികയുമായ അനു ചന്ദ്ര ഒരു അനുഗ്രഹീത ഗായികയാണ്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സ്വന്തം പിതാവിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് തുടങ്ങിയ അനു, പദ്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ സാറിൽ നിന്നും കർണാടക സംഗീതത്തിൽ പരിശീലനം നേടി. ബ്രിസ്റ്റോളിലെ ജോസ് ജെയിംസ് (സണ്ണി) സാറിന് കീഴിൽ ശാസ്ത്രീയ സംഗീത പഠനം തുടരുന്ന അനു യുകെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. സിംഗ് വിത്ത് എം.ജി. ശ്രീകുമാർ കൺടസ്റ്റ് വിന്നറായിരുന്ന അനു സ്റ്റീഫൻ ദേവസ്സി ഷോയിലെ ഫസ്റ്റ് റണ്ണറപ്പും യുക്മ കലാമേളയിൽ വ്യക്തിഗത ചാമ്പ്യനുമായിരുന്നു. വിൽറ്റ്ഷയറിലെ സ്വിൻഡനിലാണ് അനു ചന്ദ്ര താമസിക്കുന്നത്.

ആലാപന മികവ് കൊണ്ട് യുകെ മലയാളി ഗായകരിൽ ഏറെ ശ്രദ്ധേയനാണ് സോളിഹൾ നിവാസിയായ ഹരികുമാർ വാസുദേവൻ. യുക്മ സ്റ്റാർ സിംഗർ -2018 ലെ സെക്കൻഡ് റണ്ണറപ്പായിരുന്നു ഈ അനുഗ്രഹീത ഗായകൻ. നിരവധി വേദികളിൽ പാടുവാൻ അവസരം ലഭിച്ചിട്ടുള്ള ഹരികുമാർ യുകെയിലെ സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ്.

യുക്മ സ്റ്റാർ സിംഗർ, സിംഗ് വിത്ത് സ്റ്റീഫൻ ദേവസ്സി ഷോകളിലൂടെ സംഗീത പ്രേമികൾക്ക് ഏറെ പരിചിതയായ ഗായികയാണ് അയർലഡിൽ നിന്നുള്ള ജാസ്മിൻ പ്രമോദ്. മനോഹര ശബ്ദത്തിനുടമയായ ജാസ്മിൻ യുക്മ സ്റ്റാർ സിംഗറിലും സിംഗ് വിത്ത് സ്റ്റീഫൻ ദേവസി ഷോയിലും ഫസ്റ്റ് റണ്ണറപ്പായിരുന്നു. ഗുരു സൌമ്യ ഉണ്ണികൃഷ്ണനു (ദുബായ്) കീഴിൽ ശാസ്ത്രീയ സംഗീത പരിശീലനം തുടരുന്ന ജാസ്മിൻ യുകെയിലും അയർലൻഡിലുമായി നൂറ് കണക്കിന് വേദികളിൽ പെർഫോം ചെയ്തിട്ടുണ്ട്.

യുകെയിലെ പുതു തലമുറ ഗായികമാരിൽ ഏറെ ശ്രദ്ധേയയാണ് ആനി അലോഷ്യസ് എന്ന യുവ ഗായിക. യുക്മ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജണിൽ 2014, 2017 വർഷങ്ങളിൽ കലാതിലകമായ ആനി 2013 - ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്‍റ് കണ്ടസ്റ്റ്, സിംഗ് വിത്ത് സ്റ്റീഫൻ ദേവസി ഷോ എന്നിവയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കർണാടക സംഗീതം, വെസ്റ്റേൺ മ്യൂസിക്, ശാസ്ത്രീയ നൃത്തം, പിയാനോ എന്നിവയിൽ പരിശീലനം തുടരുന്ന ആനി, എൻഫീൽഡിൽ നടന്ന യുക്മ ആദരസന്ധ്യ ഉൾപ്പടെ നൂറ് കണക്കിന് വേദികളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനിലാണ് ഈ കൊച്ച് മിടുക്കി താമസിക്കുന്നത്.

ബെർമിംഗ്ഹാമിൽ നിന്നുള്ള ഫ്രയ സാജുവെന്ന കൗമാരക്കാരി യുകെയിലെ സംഗീത പ്രേമികൾക്ക് ഏറെ സുപരിചിതയാണ്. ആറു വയസു മുതൽ വയലിനിലും പിയാനോയിലും പരിശീലനം നടത്തി വരുന്ന ഫ്രയ, വയലിനിൽ ഗ്രേഡ് 6 ലും പിയാനോയിൽ
ഗ്രേഡ് 4 ലും എത്തി നിൽക്കുന്നു. ബർമിംഗ്ഹാം കേരളവേദിയിലൂടെ തന്‍റെ കലാപ്രകടനങ്ങൾക്ക് തുടക്കം കുറിച്ച ഫ്രയ, നിരവധി സ്റ്റേജുകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്ത സംഗീത അധ്യാപികയായ ആരതി അരുൺ കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തി വരുന്ന സമർപ്പണ എന്ന ചാരിറ്റി ഷോയിലും ലണ്ടൻ അസഫിയൻസ് നടത്തിയ ജോയ് ടു ദി വേൾഡ് എന്ന പ്രോഗ്രാമിലും മറ്റ് നിരവധി ചാരിറ്റി ഷോകളിലും ഫ്രയ പങ്കെടുത്തിട്ടുണ്ട്. സീറോ മലബാർ നാഷണൽ ബൈബിൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ ഫ്രയ കഴിഞ്ഞവർഷത്തെ കലോത്സവത്തിൽ വയലിനിലും പിയാനോയിലും വിന്നറായിരുന്നു. ബർമിംഗ്ഹാം സ്ട്രിംഗ് സിംഫോണിയ ഓർക്കസ്ട്ര മെമ്പറായ ഫ്രയ കഴിഞ്ഞ മാർച്ചിൽ നടന്ന കൺസേർട്ട് ലീഡർ ആയിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും റോയൽ ബെർമിംഗ്‌ഹാം കൺസർവറ്റൊയറും ചേർന്ന് നടത്തിയ 88 പിയാനിസ്റ്റ്സ് ഓൺ വൺ പിയാനോ വേൾഡ് റിക്കോർഡ് പെർഫോമൻസിൽ ഫ്രയയും അംഗമായിരുന്നു. വെസ്റ്റേൺ മ്യൂസിക്കിൽ പരിശീലനം നേടുന്ന ഫ്രയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ സ്വന്തമായി പരിശീലിച്ചെടുക്കുന്നതാണ്.

ഗായകനെന്ന നിലയിലും അക്ഷരശ്ലോകം, കാവ്യകേളി വേദികളിലൂടെയും യുകെ മലയാളികൾക്ക് സുപരിചിതനാണ് ശ്രീകാന്ത് താമരശേരി. യുക്മ കലാമേളകളിൽ റീജണൽ, നാഷണൽ തലങ്ങളിൽ സംഘഗാനം വിഭാഗത്തിലെ സ്ഥിരം വിജയികളായ ബർമിംഗ്ഹാം ബിസിഎംസി ടീമിനെ നയിക്കുന്ന ശ്രീകാന്തിനൊപ്പം ഭാര്യ ഗായത്രി ശ്രീകാന്ത്, മകൻ ആദിത്യ ശ്രീകാന്ത് എന്നിവരും ബർമിംഗ്ഹാമിലെ തന്നെ ഷൈജി അജിത്തും ചേരുമ്പോൾ കേരളപിറവി ദിനാഘോഷത്തിലെ ഗായകനിര പൂർത്തിയാകുന്നു.

സംഗീത പ്രേമികൾക്ക് ഏറെ പരിചിതരും അനുഗ്രഹീത ഗായകരുമായ അനു ചന്ദ്ര, ഹരികുമാർ വാസുദേവൻ, ജാസ്മിൻ പ്രമോദ്, ശ്രീകാന്ത് താമരശേരി, ഗായത്രി ശ്രീകാന്ത്, ഷൈജി അജിത് എന്നിവരോടൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ ഗായകർ ആനി അലോഷ്യസ്, ഫ്രയ സാജു, ആദിത്യ ശ്രീകാന്ത് എന്നിവരും ചേരുമ്പോൾ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ സംഗീത മുഹൂർത്തമായി മാറും.

യുക്മ ദേശീയ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള, ദേശീയ ജനറൽ സെകട്ടറി അലക്സ് വർഗീസ്, ദേശീയ വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, യുക്മ ദേശീയ സമിതിയും റീജണൽ കമ്മിറ്റികളും ഒരേ മനസോടെ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ മുഹൂർത്തമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ്.

യുക്മ കലാഭൂഷണം പുരസ്കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായർ ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോൾ ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് യുകെയിലെ പ്രശസ്തമായ റെക്സ് ബാൻഡിലെ റെക്സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്തു.