ജെറമി കോര്‍ബിനെ ലേബര്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു
Saturday, October 31, 2020 7:29 AM IST
ലണ്ടന്‍: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നേതാവ് ജെറമി കോര്‍ബിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു. സെമറ്റിക്ക് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു എന്ന് ആരോപിച്ചാണ് കടുത്ത നടപടി.

കോര്‍ബിനെതിരെ ഈക്വാലിറ്റി ആൻഡ് ഹ്യൂമന്‍ റൈറ്റ് കമിഷന്‍ (ഇഎച്ച്ആര്‍സി) പുറത്തിറക്കിയ റിപ്പോര്‍ട്ടിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

അതേസമയം റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നാണ് കോര്‍ബിന്‍റെ നിലപാട്. ഇഎച്ച്ആര്‍സിയുടെ കണ്ടെത്തല്‍ നിരാകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കോര്‍ബിന്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്നായിരുന്നു പ്രധാന ആരോപണം. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ജൂത മതവിഭാഗക്കാര്‍ ശക്തമായി രംഗത്തു വന്നിരുന്നു.

ലേബര്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെര്‍ഗറി കോര്‍ബിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് രാജിനല്‍കിയിരുന്നു. പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആൻഡി സെമിറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ആരോപണം ഉയര്‍ന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ