ഫരീദാബാദ് രൂപതയിൽ മതാധ്യാപക ദിനാഘോഷം നടത്തി
Friday, November 6, 2020 8:20 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ മതാധ്യാപകരുടെ ദിനാഘോഷം മതാധ്യാപകരുടെ
സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയോയുടെ തിരുനാൾ ദിനമായ നവംബർ നാലിന് ആഘോഷിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സാമൂഹികാകലം പാലിച്ച് ഓണ്‍ലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.

അടുത്തതലമുറയെ വാർത്തെടുക്കുക എന്ന വലിയ ദൗത്യം ഒരു ലാഭേച്ഛയുമില്ലാതെ നിർവഹിക്കുന്ന അധ്യാപകരെ അനുമോദിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി എല്ലാ വർഷവും ഇടവക തലത്തിൽ ആഘോഷിക്കപ്പെടുന്ന കാറ്റക്കിസം അധ്യാപക ദിനം ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ വെർച്വൽ ആയാണ് സംഘടിപ്പിച്ചത്.

ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, കാറ്റക്കിസം ഡയറക്ടർ ഫാ. ബാബു ആനിത്താനം എന്നിവർ ആശംസകൾ
നേർന്നു സന്ദേശങ്ങൾ നൽകി. ഓരോ ഇടവകകളിലെയും കുട്ടികൾ
ലോക്ക് ഡൗണ്‍ കാലത്ത് ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി തങ്ങളുടെ അധ്യാപകർക്കായി, പാട്ടും ഡാൻസും സ്കിറ്റുമെല്ലാം കോർത്തിണക്കി തയാറാക്കിയ വിവിധ കലാപരിപാടികൾ ഒരു ഹാരമാക്കി രൂപത യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ്സ് വഴി നവംബർ 4 ന് പ്രകാശനം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്