എ.കെ. ആന്‍റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് പോസിറ്റീവ്
Tuesday, November 17, 2020 8:10 PM IST
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്‍റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് പോസിറ്റീവ്. ആന്‍റണി, മക്കളായ അനില്‍, അജിത് എന്നിവരുടെ പരിശോധനാ ഫലം ഇന്നേ ലഭിക്കുകയുള്ളൂ. പുറമെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും എങ്കിലും തന്‍റേയും മക്കളുടെയും പരിശോധനാ ഫലം കിട്ടിയ ശേഷം ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുന്ന കാര്യത്തില്‍ ഇന്നു തീരുമാനിക്കുമെന്നും എ.കെ. ആന്‍റണി പറഞ്ഞു.

ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന പ്രത്യേക കോണ്‍ഗ്രസ് സമിതി യോഗത്തില്‍ ആന്‍റണി പങ്കെടുത്തില്ല. കോവിഡ് രോഗത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായതിനാല്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനും യോഗത്തില്‍ പങ്കെടുക്കാനായിരുന്നില്ല. മനീഷ് തിവാരി അടക്കം മറ്റു പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്.

ജന്തര്‍ മന്തര്‍ റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് ആന്‍റണിയും കുടുംബവും പുറത്തു പോകാറില്ലെങ്കിലും വസതിയോടു ചേര്‍ന്നുള്ള ജോലിക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ ഉള്ളവര്‍ വഴിയാകും കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നതെന്ന് മകന്‍ അനില്‍ ആന്‍റണി പറഞ്ഞു.