ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല ചടങ്ങ് നാളെ
Friday, December 4, 2020 8:20 PM IST
ന്യൂ ഡൽഹി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഇത്തവണ ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല സമർപ്പണം കേവലം ചടങ്ങു മാത്രമായി നടത്തുമെന്ന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 6 ന് (ഞായർ) രാവിലെ 9 ന് മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഗണേശ് മന്ദിറിലാണ് ചടങ്ങുകൾ.

ചക്കുളത്തുകാവ് പൊങ്കാല നടന്ന നവംബര്‍ 29 നു ഡൽഹിയിലും ചടങ്ങു മാത്രമായി നടത്താൻ ആഗ്രഹിച്ചിരുന്നു, പക്ഷെ മൂലക്ഷേത്രമായ ചക്കുളത്തുകാവിലെ പൊങ്കാല ദിവസം ആ ക്ഷേത്രത്തിലെ സങ്കല്പവുമായി ബന്ധപ്പെട്ടുള്ള മറ്റു സ്ഥലങ്ങളിൽ പൊങ്കാല നടത്തുന്നത് ഉചിതമല്ലാത്തതിനാലാണ് ഡിസംബർ 6-ലേക്ക് ഡൽഹിയിലെ ചടങ്ങുകൾ മാറ്റിവച്ചത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൂട്ടമായി പൊങ്കാലയിടാന്‍ ഭക്തജനങ്ങൾക്ക് അനുവാദമില്ല. ഡൽഹിയിലെ പൊങ്കാല മഹോത്സവത്തിന് മുടക്കം സംഭവിക്കാതിരിക്കാനായി ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയാറാക്കുന്ന സ്ഥലത്ത് പണ്ടാര അടുപ്പു കൂട്ടി ഒരു പൊങ്കാല മാത്രമായി നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം.

രാവിലെ 6.30-നു ഗണപതി ഹോമവും തുടർന്ന് 9 ന് ശ്രീഗണേശ മന്ദിര മേൽശാന്തി ഗണേശൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് ആരംഭമാവും. ഭക്തജനങ്ങൾ അവരവരുടെ സൗകര്യാർഥം ചക്കുളത്തുകാവിലമ്മയെ ധ്യാനിച്ച് അവരവരുടെ വീടുകളിലോ വീട്ടുമുറ്റത്തോ പൊങ്കാല സമർപ്പിക്കാവുന്നതാണ്.

വിവരങ്ങൾക്ക് : രാജേഷ് കുമാർ (വൈസ് പ്രസിഡന്‍റ് ), ഡി. ജയകുമാർ (സെക്രട്ടറി) 9810477949, 8130595922 .

റിപ്പോർട്ട്: പി.എൻ. ഷാജി