യാക്കോബായ സഭ യുകെ ഭദ്രാസനം പ്രതിഷേധിച്ചു
Friday, January 8, 2021 4:55 PM IST
ലണ്ടൻ: ക്രിസ്തീയ സഭകളുടെ ഈറ്റില്ലവും എഡി 37 ൽ കർത്താവിൻ്റെ ശിഷ്യന്മാരിൽ തലവനായ പരിശുദ്ധ പത്രോശ്ലീഹായാൽ അന്ത്യോഖ്യായിൽ സ്ഥാപിതവുമായതാണ് പരിശുദ്ധ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്നും നൂറ് വർഷങ്ങൾക്ക് മുന്പ് വിഘടിച്ച് രൂപമെടുത്ത ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം ഇന്ന് മാതൃസഭയ്ക്കെതിരെ കാണിച്ചുകൂട്ടുന്ന അതിക്രമങ്ങൾക്കെതിരെ യുകെ യാക്കോബായ സഭ പ്രതിഷേധിച്ചു.

ലൗകീകതയ്ക്കും സ്ഥാനമാനങ്ങൾക്കും അധികാരങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്നതിനാൽ വിഘടിത വിഭാഗമായ 'ഇന്ത്യൻ ഓർത്തഡോക്സ് ഗ്രൂപ്പ് ' ഇന്ന് ഇതര ലോക ക്രൈസ്തവ സഭകളുടെ മുന്പിൽ സ്വയം അപഹാസ്യരായി തീർന്നിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം കൂടിയ യാക്കോബായ സുറിയാനി സഭയുടെ യുകെ.ഭദ്രാസന പള്ളി പ്രതിപുരുഷയോഗം അഭിപ്രായപ്പെട്ടു. പരിശുദ്ധ അന്ത്യോഖ്യാ സിംഹസനത്തിനു കീഴിൽ യാക്കോബായ സഭയും യുകെ ഭദ്രാസനവും എക്കാലവും അടിയുറച്ച് നിലകൊള്ളുമെന്നും യോഗം ഐകകണ് ഠേന തീരുമാനിച്ചു. ഇനിമേലിൽ വിഘടിത ഗ്രൂപ്പായ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗവുമായി യാതൊരുവിധ കൗദാശീക ബന്ധങ്ങളോ, സഹകരണമോ ഉണ്ടായിരിക്കുന്നതല്ലെന്നും യോഗം തീരുമാനിച്ചു.

യുകെ.ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഭദ്രാസന പള്ളിപ്രതിപുരുഷയോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി ഫാ. ഗീവറുഗീസ് തണ്ടായത്ത് (വൈസ് പ്രസിഡന്‍റ്), ഫാ. യൽദോസ് കൗങ്ങംപിള്ളിൽ (ഭദ്രാസന സെക്രട്ടറി), മധു മാമ്മൻ ( ട്രഷറർ), ഫാ. ഫിലിപ്പ് തോമസ് (സൺഡേസ്കൂൾ ഡയറക്ടർ), ഫാ. അനീഷ് കവലയിൽ(വനിതാ സമാജം), ഫാ. എബിൻ ഐപ്പ് (യൂത്ത് അസോസിയേഷൻ ), ഫാ.യൽദോസ് വട്ടപ്പറമ്പിൽ, ഫാ. അഖിൽ ജോയി (സ്റ്റുഡൻ്റ് മൂവ്മെൻ്റ്) എന്നിവർ ഉൾപ്പെടുന്ന 43 അംഗ ഭദ്രാസന കൗൺസിലിനെ തെരഞ്ഞെടുത്തു.

കോവിഡ് ബാധിച്ചു മരണമടഞ്ഞവരെ ഓർക്കുകയും ലോകം എത്രയും വേഗം ഈ മഹാമാരിയിൽ നിന്ന് വിമുക്തി നേടുവാനും പ്രാർത്ഥിച്ചു. മലങ്കര മാർത്തോമ സഭയുടെ ജോസഫ് വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ യോഗം അനുശോചിച്ചു. ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷനായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയോടും കിഴക്കിന്‍റെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലുള്ള മറ്റ് എല്ലാ മെത്രാപ്പോലീത്താമാരോടുമുള്ള വിധേയത്വവും അനുസരണവും രേഖപ്പെടുത്തി കൊണ്ട് യോഗം പ്രാർഥനയോടെ പര്യവസാനിച്ചു.