കോവിഡിനെ നേരിടാൻ ഐക്യ ആഹ്വാനവുമായി മെർക്കൽ
Wednesday, March 24, 2021 11:53 PM IST
ബെർലിൻ: രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഈസ്റ്റർ സമയത്ത് ഇളവ് നൽകുന്ന കാര്യത്തിൽ പതിനാറ് സ്റ്റേറ്റ് പ്രീമിയർമാരെ അനുനയിപ്പിക്കാൻ ജർമൻ ചാൻസലർ അംഗല മെർക്കലിനു സാധിച്ചു. എന്നാൽ, കോവിഡിനെ നേരിടാനുള്ള നടപടികളിൽ ഒറ്റക്കെട്ടായി നിൽക്കുക ഇനിയങ്ങോട്ട് എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തൽ.

രാജ്യം മെല്ലെ പൊതുതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ വിവിധ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞു. പല സ്റ്റേറ്റുകളിലും പ്രതിപക്ഷ കക്ഷികൾക്കാണ് ആധിപത്യം. ഭരണമുന്നണിയിൽ തന്നെ പരന്പരാഗത പ്രതിപക്ഷമായ എസ്പിഡിയുടെ സാന്നിധ്യം വെല്ലുവിളിയാണ്.

കൊറോണ വൈറസിന്‍റെ വകഭേദങ്ങൾ കാരണമാണ് നേരത്തെ കൈവരിച്ച നേട്ടങ്ങൾ നഷ്ടപ്പെട്ടതെന്നാണ് ഇപ്പോൾ ചാൻസലറുടെ വിലയിരുത്തൽ. ഇതിനെതിരേ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ സ്റ്റേറ്റുകൾ ഒറ്റക്കെട്ടായിരുന്നെങ്കിലും ഈസ്റ്റർ ഇളവുകൾ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ശക്തമായിരുന്നു.

മഹാമാരി പടർന്നുപിടിച്ച ആദ്യ മാസങ്ങളിൽ ഏറെ പ്രശംസിക്കപ്പെട്ട ജർമൻ മാതൃക ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വാക്സിൻ വിതരണത്തിലെ പോരായ്മകളും സർക്കാരിനെ കുഴപ്പത്തിലാക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് ഭരണകക്ഷിയുടെ സാധ്യതകളെ തന്നെ ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ