മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം
Sunday, April 11, 2021 11:22 AM IST
റോം: ഇറ്റലിയിലെ കോവിഡ് ഭീകരതയില്‍ രോഗികള്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണവും അശ്രാന്തവുമായ ശ്രമം നടത്തിയ ആതുരശുശ്രൂഷാ രംഗത്തെ മഹനീയ സേവനത്തിന് ഇറ്റലിയിലെ കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും മലയാളികളുമായ സിസ്ററര്‍ ഡെയ്സി അണ്ണാത്തുകുഴിയില്‍, സിസ്ററര്‍ തെരേസ് വെട്ടത്ത് എന്നിവരെ ഇറ്റാലിയന്‍ നഗരം അപൂര്‍വ്വ ആദരവിന് അര്‍ഹരാക്കി. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാപകല്‍ ഭേദമെന്യേ സ്വന്തം ജീവന്‍പോലും അവഗണിച്ച് ശുശ്രൂഷചെയ്ത സിസ്ററര്‍ ഡെയ്സിയും സിസ്ററര്‍ തെരേസയും ഉള്‍പ്പെടെയുള്ള നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കി രാജ്യത്തിന്റെ ആദരം പ്രകടിപ്പിച്ചത്. മലയാളി കന്യാസ്ത്രീകളോടൊപ്പം ഇതേ ആശുപത്രിയില്‍ സേവനം ചെയ്യുന്ന ആഫ്രിക്കയിലെ ബുര്‍ക്കീനാഫാസോയില്‍ നിന്നുള്ള സിസ്ററര്‍ സബീനയുടെ പേരും ഒരു റോഡിന് നല്കിയിട്ടുണ്ട്.

ആകെ എട്ട് വനിതാ നേഴ്സുമാരെയാണ് ലോക വനിതാ ദിനത്തില്‍ മുനിസിപ്പാലിറ്റി ആദരിച്ചത്.കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ 'മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആതുസേവനം ചെയ്യുന്നവരാണ് ഇവര്‍. 47 കാരിയായ സിസ്ററര്‍ ഡെയ്സി ജൂസെപ്പീന വന്നീനി ആശുപത്രിയിലെ കോവിഡ് അടിയന്തര വാര്‍ഡിന്റെ കോര്‍ഡിനേറ്ററായാണ് സേവനം ചെയ്യുന്നത്. സിസ്റ്റര്‍ തെരേസ് ഇതേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിന്റെ കോര്‍ഡിനേറ്ററാണ്.

കണ്ണൂര്‍ ജില്ലയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റര്‍ ഡെയ്സി അണ്ണാത്തുകുഴിയില്‍. മാനന്തവാടി രൂപത നെല്ലിയോടി ഇടവകാംഗമായ സിസ്ററര്‍ തെരേസ, വെട്ടത്ത് ജര്‍മനിയില്‍ ജോലി ചെയ്യുന്ന സിഎംഐ സഭാഗം ഫാ.ജോണി വെട്ടത്തിന്റെ ബന്ധുവാണ്.

ഇറ്റാലിന്‍ വി.കമില്ലസിന്റെ പേരില്‍ ബ്രദറന്മാരായ ലൂയി ടെസയും, ജൂസെപ്പിനാ വിന്നിനിയും ചേര്‍ന്ന് 1892 ല്‍ ഇറ്റലിയിലെ ഗ്രോട്ടഫെറേറ്റയില്‍ സ്ഥാപിച്ച സന്യാസിനി സമൂഹമാണ് ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇവര്‍ക്ക് മഠങ്ങളുണ്ട്. സഭയുടെ ജനറേറ്റ് ഇറ്റലിയിലെ ഗ്രോട്ടഫെറാറ്റയില്‍ കാണാം.
ലോകമെമ്പാടും 97 കമ്മ്യൂണിറ്റികളിലായി 823 സഹോദരിമാരുണ്ട് ഈ സഭയില്‍.

റിപ്പോർട്ട് ജോസ് കുമ്പിളുവേലില്‍