മലയാളം മിഷൻ യുകെ ചാപ്റ്റർ കഹൂട്ട് ക്വിസ് മത്സരം ജൂൺ 13 ന്
Saturday, May 29, 2021 7:28 AM IST
കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങൾ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കുന്നതിന്‍റെ ഭാഗമായി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രായഭേദമന്യേ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ കഹൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗ്രാന്‍റ് മാസ്റ്റർ ജി.എസ്. പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി ജൂൺ 13 നു (വ്യാഴം) വൈകുന്നേരം നാലിനാണ്.

പ്രവാസിസമൂഹം ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്‌സിൻ ചലഞ്ച് നെഞ്ചിലേറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൂതനമായ രീതിയിൽ ഫണ്ട് കണ്ടെത്താനൊരുങ്ങുകയാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ.

10 പൗണ്ട് പ്രവേശന ഫീസായി ഈടാക്കുന്ന മത്സരത്തിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനാണ് മലയാളം മിഷൻ
യുകെ ചാപ്റ്റർ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്. സൂമിലൂടെ നടത്തപ്പെടുന്ന ഈ
പരിപാടിയിൽ പങ്കാളികളാവുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ
ആരംഭിച്ചുകഴിഞ്ഞു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ക്വിസ്
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടത്താവുന്നതാണ്.

https://forms.gle/MGJHS7dZ5mCUoLsx8

ജൂൺ 6 വരെയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്റെ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവരെ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തക സമിതി അംഗങ്ങൾ നേരിട്ട് ബന്ധപ്പെട്ട് ക്വിസ് മത്സരത്തിന്റെ മറ്റ് വിശദാംശങ്ങൾ നൽകി പ്രവേശനത്തുക സ്വീകരിക്കുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു.

സ്മാർട്ട് ഫോൺ ഉപയോഗിച്ച് പ്രായപരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
അതിവേഗം ഏറ്റവും കൂടുതൽ ഉത്തരം നൽകുന്നവരാണ് വിജയികളാകുന്നത്.
സൂമിൽ പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാർട്ട് ഡിവൈസിനു പുറമെ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് മറ്റൊരു ഇന്റർനെറ്റ് എനേബിൾഡ് സ്മാർട്ട് ഡിവൈസ് കൂടി ആവശ്യമാണ്.

അതിവേഗം ശരിയുത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനം 100 പൗണ്ടും രണ്ടാം
സമ്മാനം 75 പൗണ്ടും മൂന്നാം സമ്മാനം 50 പൗണ്ടും സമ്മാനമായി ലഭിക്കും. കർമ്മ
കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്‌സ്
തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.

കോവിഡ് ദുരിതത്തിൽ വലയുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി
കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്‍റെ വെളിച്ചവും പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന ക്വിസ് മത്സരത്തിൽ എല്ലാ സുമനസുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ. ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, മുഖ്യസംഘാടകൻ ആഷിക്
മുഹമ്മദ് നാസർ എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : രാജി രാജൻ: 07940 355689, ദീപ സുലോചന:07715299963, ബിന്ദു കുര്യൻ: 07734 697927, വിനീതചുങ്കത്ത്.07799382259