ബെൻസി ജോർജ് ദക്ഷിണ റെയിൽവേ സോണൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ
Tuesday, July 13, 2021 1:56 AM IST
ന്യൂഡൽഹി: ബെൻസി ജോർജ് അറയ്ക്കലിനെ ദക്ഷിണ റെയിൽവേയുടെ സോണൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മെമ്പർ ആയി നിയമിച്ചു.

കേന്ദ്ര റയിൽവെ ബോർഡിന്റെ ദക്ഷിണ മേഖലയുടെ കീഴിൽ വരുന്ന ആറ് ഡിവിഷനുകൾ അടങ്ങുന്ന സോണുകളാണ് ബെൻസിയുടെ സേവന മേഖല. രണ്ട്‌ വർഷമാണ് കാലാവധി. തെക്കേ ഇന്ത്യയിലെ പ്രമുഖ ഡിവിഷനുകളായ ചെന്നൈ, തൃശിനാപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇദ്ദേഹം പ്രവർത്തിക്കുക.

മാനേജ്‌മെന്‍റ് ആൻഡ് കൺസൾട്ടിംഗ് രംഗത്ത് ഒന്നരപതിറ്റാണ്ടിന്‍റെ അനുഭവ പരിചയമുള്ള ബെൻസി ജോർജ് ആലപ്പുഴ കുട്ടനാട് സ്വദേശിയാണ്. പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പ്രഫഷനൽ എന്ന നിലക്കാണ് പുതിയ പദവി ബെൻസിയെ തേടിയെത്തിയത്.

റയിൽവേയ്ക്കും സംരംഭകർക്കും ഉതകുന്ന രീതിയിൽ നൂതന നിക്ഷേപ ആശയങ്ങളെ കണ്ടെത്തി ആവിഷ്‌കരിക്കാൻ മുൻകൈ എടുക്കുമെന്ന് ബെൻസി അറിയിച്ചു.

യുവ സംരംഭകനും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ബെൻസി ജോർജ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്റ്റിവിന്റെ (DMC) മാനേജിംഗ് ട്രസ്റ്റീ മെമ്പർ കൂടിയാണ്. 2018ലെ വെള്ളപ്പൊക്കത്തിനെത്തുടർന്ന് കുട്ടനാടിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബെൻസി പങ്കാളി ആയിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്