കോർക്ക് സീറോ മലബാർ സഭയുടെ ഇടയ നേതൃത്വത്തിന് യാത്രയയപ്പും സ്വാഗതവും
Thursday, August 5, 2021 11:23 AM IST
കോർക്ക്: സീറോ മലബാർ സഭയുടെ ചാപ്ലിൻ ആയി നാലര വർഷത്തോളം സേവനമനുഷ്ഠിച്ച ഫാ.സിബി അറക്കലിന് യാത്രയയപ്പും, പുതിയ ചാപ്ലൈൻ ആയി ചുമതലയേറ്റ ഫാ. ജിൽസൺ കോക്കണ്ടത്തിലിന് സ്വീകരണവും ഓഗസ്റ്റ് ഒന്നാം തീയതി ഞായറാഴ്ച കോർക്ക് വിൽട്ടൻ പള്ളിയിൽ വച്ചു നടന്നു. അന്നേ ദിവസം ഫാ. സിബിയും ഫാ. ജിൽസണും സംയുക്‌തമായി വി. കുർബാന അർപ്പിച്ചു.

വിശുദ്ധ കുർബാനക്കു ശേഷം കൈക്കാരനായ ഷിൻറ്റോ ജോസ്, ഫാ. ജിൽസനെ കമ്മ്യൂണിറ്റിയുടെ പേരിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും അച്ചന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയുകയും ചെയ്തു.

തദവസരത്തിൽ കോർക്ക് സീറോ മലബാർസഭയുടെ ചാപ്ലിൻ ആയി തന്റെ നിസ്വാർത്ഥമായ സേവനം പൂർത്തിയാക്കിയ ഫാ.സിബിക്ക് കോർക്ക് കമ്മ്യൂണിറ്റിയുടെ പേരിൽ കൈക്കാരൻ സോണി ജോസഫ് നന്ദി പറഞ്ഞു. സഭാ സമൂഹത്തിൻറെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി അക്ഷീണമായി യത്നിച്ച ഫാ. സിബിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ സമൂഹത്തിൽ ചിലരുടെ പ്രവർത്തികൾ മൂലം അച്ചന് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് കോർക്ക് സീറോ മലബാർ സഭയുടെ പ്രതിനിധിയായി സോണി ജോസഫ്, സിബിയച്ചനോട് മാപ്പുചോദിച്ചു.

കൈക്കാരൻ ഡിനോ ജോർജ്, ഫാ. സിബിയെയും ഫാ. ജിൽസനെയും ബൊക്കെ നൽകി ആദരിച്ചു. ഫാ. സിബി കോർക്ക് & റോസ് രൂപതയിലെ തന്റെ സേവനം തുടരുന്നതാണ്. മാനന്തവാടി രൂപതയിൽപെട്ട ഫാ. ജിൽസൺ കോർക്ക് സീറോ മലബാർ സഭയുടെ അഞ്ചാമത്തെ ചാപ്ലിൻ ആണ്. മാനന്തവാടി മൈനർ സെമിനാരിയുടെ റെക്ടർ ആയും, രൂപതയുടെ ഫിനാൻസ് ഓഫീസർ ആയും ഫാ. ജിൽസൺ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോർക്ക് സീറോ മലബാർ സഭക്ക് ഫാ. സിബി ചെയ്ത സേവനങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്തിന്റെയും, നാഷണൽ കോർഡിനേറ്ററായ ഫാ. ക്ലെമെന്റ്റിന്റ്റെയും സന്ദേശങ്ങൾ ഫാ. ജിൽസൺ അറിയിച്ചു. ഫാ. ജിൽസനെ തന്റെ വ്യക്തിപരമായ മെസ്സേജിലൂടെയാണ് ബിഷപ്പ് സ്വാഗതം ചെയ്തത്.

തുടർന്ന് നടന്ന മീറ്റിംഗിൽ ഫാ. സിബി, ഫാ. മൈക്കിൾ ഓ’ ലെയറി (എസ്എംഎ വിൽട്ടൻ, പാരിഷ് പ്രീസ്റ്) എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ജിൽസൺ കുടുംബ കൂട്ടായ്മയിൽ നിന്നുള്ള പ്രതിനിധികളെയും, അൾത്താരബാലന്മാരെയും, ഗാന ശുശ്രുഷകരെയും നേരിൽ കണ്ടു സംസാരിച്ചു. ഏവരും കോർക്ക് സീറോ മലബാർ സഭയുടെ പേരിൽ ഫാ ജിൽസണ് ഹാർദ്ദവമായ സ്വാഗതവും, ഫാ സിബിയുടെ കഴിഞ്ഞകാല സേവനത്തിനു ഹൃദയംഗമായ നന്ദിയും അറിയിച്ചു.