വായനക്കു വഴികാട്ടിയായി ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയയുടെ "അക്ഷരവേദി'
Monday, September 6, 2021 7:32 PM IST
ന്യൂഡൽഹി: വായനക്കു വഴികാട്ടിയായി വായിച്ചു വളരുന്ന ഒരു തലമുറയെ ലക്ഷ്യമാക്കി ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയയുടെ ആഭിമുഖ്യത്തിൽ അക്ഷരവേദി എന്ന സാഹിത്യ സാംസ്കാരിക പരിപാടിക്കു തുടക്കമിട്ടു.

ഓഗസ്റ്റ് 29 നു ഓൺലൈനിലൂടെ അരങ്ങേറിയ പരിപാടിയിൽ ഡിഎംഎ പ്രസിഡന്‍റ് രഘുനാഥ്‌ അധ്യക്ഷത വഹിച്ചു. കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐഎഎസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേരള എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്‍റ് ബാബു പണിക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി പ്രദീപ്‌ നായർ സ്വാഗതം പറഞ്ഞു. ഏരിയ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ അക്ഷരവേദിയുടെ പ്രവർത്തനങ്ങളെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി.

ഏരിയക്ക് സ്വന്തമായുള്ള വായനശാലയിലെ മുന്നൂറോളം പുസ്തകങ്ങളാണ് വായനയുടെ ലോകത്തിലേക്ക് അക്ഷര സ്നേഹികളെ വരവേൽക്കുന്നത്.

മുതിർന്നവരിലും കുട്ടികളിലും വയനാശീലം വളർത്താനും പ്രോത്സാഹിപ്പിക്കുവാനുമായി കവിതാ സായാഹ്നങ്ങൾ, സാഹിത്യ ചർച്ചകൾ, അക്ഷര ശ്ലോക സദസുകൾ തുടങ്ങിയവ സംഘടിപ്പിച്ച് ദില്ലിയിലെ ഭാഷാ സ്നേഹികളെ വായനയുടെ ലോകത്തേക്ക് സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുകയാണ് അക്ഷരവേദിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി