കലാകേരളം ഗ്ലാസ് ഗോ ഓണം ആഘോഷിച്ചു
Friday, September 10, 2021 4:33 PM IST
ലണ്ടൻ: കലാകേരളം ഗ്ലാസ് ഗോയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21 നു ബേൺ ബാങ്ക് സെന്‍റ് കത് ബർട്ട് പള്ളി ഹാളിൽ നടന്നു. സീറോ മലബാർ സെന്‍റ് മേരീസ് മിഷൻ ഹാമിൽട്ടൻ വികാരി ഫാ.ജോണി വെട്ടിക്കൽ "മാവേലി നാടു വാണീടും കാലം ....." എന്ന ഈരടികൾ ആലപിച്ച് ആശംസാ പ്രസംഗം നടത്തി. കാംബസ് ലാംങ്ങ് മലയാളി സമൂഹത്തിന്‍റെ "ഗോഡ്‌ഫാദറാ'യ ഫാ.പോൾ മോർട്ടൻ കേരളീയ തനിമയാർന്നേ വേഷവിധാനത്തിലെത്തി ഓണാശംസകൾ നേർന്നു. ‌

തുടർന്നു ഓണാഘോഷങ്ങളുടെ സ്പോൺസർ കിരൺ സാഗർ എല്ലാ കലാകേരളം കടുംബാംഗങ്ങൾക്കും സമ്മാനവുമായെത്തി. കലാകേരളത്തിന്‍റെ കലവിരുതിൽ അത്തപൂക്കളത്തിനു ചുറ്റും തിരുവാതിരയും ശിങ്കാരിമേളവുമൊരുക്കി കലാകേരളത്തിൻ്റെ മിടുക്കികൾ സദസിനെ സന്തോഷിപ്പിച്ചപ്പോൾ, രുചിയുടെ വിസ്മയക്കൂട്ടൊരുക്കുന്ന പതിവു കൂട്ടായ്മ കലാകേരളത്തിനു മാത്രം സ്വന്തമെന്ന് വീണ്ടും തെളിയിക്കുന്ന ഓണസദ്യ തൂശനിലകളിൽ നിറയുകയായിരുന്നു.

കലാകേരളത്തിന്‍റെ 2021 - 22 വർഷത്തെ ഭരണസമിതി അംഗങ്ങളായി വക്കച്ചൻ കൊട്ടാരം (പ്രസിഡന്‍റ്), ടോമി അഗസ്റ്റിൻ (സെക്രട്ടറി), സിനു ആന്‍റണി (വൈസ് പ്രസിഡന്‍റ്), ആതിര ടോമി (ജോയിൻ്റ് സെക്രട്ടറി), റോസ് മേരി സോജോ (ട്രഷറർ) എന്നിവരേയും ഏരിയ കോഡിനേറ്റർമാരായി ആനി ബാബു, ബൈജു തൊടുപറമ്പിൽ ,ബിജി എബ്രഹാം ,മാത്യു കുര്യാക്കോസ്, അൽഫോൻസ കുര്യക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.