ലീഡ്സ് മലയാളി അസോസിയേഷന്‍റെ കലാവിരുന്ന് ഒക്ടോബർ 9 ന്
Saturday, September 25, 2021 5:05 PM IST
ലണ്ടൻ: യോർക് ഷെയറിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബർ 9 നു (ശനി) ആംഗ്ലേസ് ക്ലബിൽ നടക്കും. രാവിലെ 10 മുതൽ അഞ്ചു വരെ നടക്കുന്ന കലാപരിപാടികൾ പ്രസിഡന്‍റ് ജേക്കബ് കുയിലാടൻ ഉദ്ഘാടനം ചെയ്യും.

കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുള്ളതുകൊണ്ടും സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വർഷങ്ങളിൽ ലിമയുടെ പൊതുപരിപാടികൾ നടത്തുവാൻ കഴിഞ്ഞിരുന്നില്ല.

ലിമയിൽ പുതിയതായി അംഗത്വമെടുത്തവർക്ക് ലീഡ്സിലുള്ള മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂർവം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.

വിവിധതരത്തിലുള്ള കലാപരിപാടികളും, ഫാമിലി ഫൺ ഗെയിംസും, ഉച്ചഭക്ഷണവും കലാ വിരുന്നിന്‍റെ ആകർഷണമാണ്. ജേക്കബ് കുയിലാടൻ സംവിധാനംചെയ്യുന്ന "അമ്മയ്ക്കൊരു താരാട്ട്' എന്ന നാടകം കലാവിരുന്നിൽ പ്രത്യേക ആകർഷണമായിരിക്കും. ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും.

കഴിഞ്ഞ വർഷം ഓണത്തിനു അത്തപ്പൂക്കളം, ഓണ സംബന്ധമായ ഫോട്ടോ മത്സരത്തിലും വിജയിച്ചവർക്ക് തറവാട് റസ്റ്ററന്‍റ് സ്പോൺസർ ചെയ്തിരിക്കുന്ന സമ്മാനങ്ങളും തദവസരത്തിൽ നൽകുന്നതാണ്. ലീഡ്സിലുള്ള എല്ലാ മലയാളികളെയും ലിമയുടെ കലാവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജെ കുയിലാടൻ 07828547700, ബെന്നി വെൻങ്ങാച്ചേരിൽ 07515364053, റെജി ജയൻ 07916494645, ജിത വിജി 07799943036.