പരി. പാത്രിയര്‍ക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി
Friday, November 26, 2021 11:15 AM IST
ബെയ്‌റൂട്ട്, ലെബനോന്‍ : പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായുമായി യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ സബ്കമ്മറ്റി അംഗങ്ങളായ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്തമാരും, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോർഎപ്പിസ്‌ക്കോപ്പ, അല്‍മായ ട്രസ്റ്റി കമാൻഡര്‍ സി.കെ. ഷാജി ചുണ്ടയില്‍ എന്നിവരും കൂടിക്കാഴ്ച നടത്തി.

സഭയുടെ ആനുകാലീക സാഹചര്യങ്ങളേയും ഭാവി കാര്യങ്ങളേയും കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി. പ്രതിസന്ധികളേയും പീഡനങ്ങളെയും സഹനത്തോടും വിശ്വാസ സ്ഥിരതയോടും അഭിമുഖീകരിച്ച് സഭയുടെ സത്യവിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭാ, ആകമാന സുറിയാനി സഭയുടെ അഭിമാനമാണെന്നും അന്ത്യോഖ്യ സിംഹാസനം യാക്കോബായ സഭയുടെ കൂടെയുണ്ടെന്നും പരി. പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു.

ശക്തമായ നേതൃത്വത്തിന്‍ കീഴില്‍ പ്രതിസന്ധികളെ അതിജീവിച്ച് കെട്ടുറപ്പോടെ മലങ്കര യാക്കോബായ സുറിയാനി സഭ ഒറ്റക്കെട്ടായി മുന്നോട്ടു പോകുവാന്‍ ബാവാ ആഹ്വാനം ചെയ്തു. മലങ്കര സഭാ പ്രശ്‌നം ശാശ്വതവും നീതിപൂര്‍വ്വവുമായി പരിഹരിക്കുവാന്‍ ബഹു. കേരള ഗവണ്‍മെന്‍റ് എടുക്കുന്ന മാതൃകാപരമായ നടപടികളേയും പരി. പിതാവ് അഭിനന്ദിച്ചു.

ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍റെ ശിപാര്‍ശ സ്വാഗതാര്‍ഹമാണെന്നും, സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന നിര്‍ലോഭമായ പിന്തുണ അതിന്‍റെ പ്രാധാന്യം വെളിപ്പെടുത്തുന്നുവെന്നും പിതാവ് പറഞ്ഞു.

ഗവണ്‍മെന്‍റ് ഇത് നടപ്പിലാക്കി മലങ്കര സഭാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാവാ പറഞ്ഞു. ലബനോനിലെ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് സലീബാ തെയോഫിലോസ്, പാത്രിയര്‍ക്കാ സെക്രട്ടറി മോര്‍ ജോസഫ് ബാലി എന്നീ മെത്രാപ്പോലീത്താമാരും, മലങ്കര കാര്യ സെക്രട്ടറി റവ. ഫാ. ജോഷി. സി. എബ്രഹാം എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
പാത്രിയര്‍ക്കാസെന്‍റര്‍, മീഡിയാ സെല്‍ ചെയര്‍മാന്‍