ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ്പ് ഡയറക്ടര്‍
Wednesday, January 5, 2022 11:30 AM IST
വാഴ്സോ: പോളിഷ് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡ്‌സ്ട്രിസിന്‍റെ (ipcci) ബിസിനസ് റിലേഷന്‍ ഡയറക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ യൂറോപ്യന്‍ ഘടകത്തിന്‍റെ ട്രഷറര്‍, പോളണ്ടിലെ കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രമോഹന്‍ ഈ പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയാണ്.

ഇന്ത്യയും പോളണ്ടും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഏജന്‍സിയാണ് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കോമേഴ്സ്. ഇതിനോടകം തന്നെ 3 ബില്യണ്‍ യു.എസ് ഡോളറിന്‍റെ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ പോളണ്ടിലും, 672 മില്യണ്‍ യു.എസ് ഡോളര്‍ പോളണ്ട് കമ്പനികള്‍ ഇന്ത്യയിലും നിക്ഷേപിച്ചട്ടുണ്ട്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ബിസിനസ് കണ്‍സള്‍ട്ടന്‍റ് ആയി പ്രവര്‍ത്തിച്ചുവരുന്ന ചന്ദ്രമോഹന്‍ കേരളത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സ്‌പെയിനില്‍ എത്തുകയും തുടര്‍ന്നു പഠനശേഷം യൂറോപ്യന്‍ കമ്പനികള്‍ക്ക് വേണ്ടി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ചെയ്യുകയും, പോളണ്ടില്‍ ബിസിനസ് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തു.

പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ചന്ദ്ര മോഹന്‍റെ നിയമനം യൂറോപ്പിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ജോബി ആന്‍റണി