ടൂവൂമ്പ മലയാളി അസോസിയേഷൻ "മധുരം മലയാളം' ക്ലാസുകൾ ‌ആരംഭിച്ചു
Tuesday, May 3, 2022 7:16 PM IST
എബി പൊയ്ക്കാട്ടിൽ
ടൂവൂമ്പ (ഓസ്ട്രേലിയ): വരും തലമുറക്ക് കേരളത്തിന്‍റെ പൈതൃകവും പാരമ്പര്യവും മലയാള ഭാഷാ പരിജ്ഞാനവും പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ടുവൂമ്പ മലയാളി അസോസിയേഷൻ കഴിഞ്ഞ നാലു വർഷമായി നടത്തിവരുന്ന "മധുരം മലയാള'ത്തിന്‍റെ ഈ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.

ഏപ്രിൽ 30നു ടുവുമ്പ യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാൻഡിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് പ്രസാദ് ജോൺ, സെക്രട്ടറി അനില സുനിൽ, കമ്മിറ്റി അംഗവും മധുരം മലയാളത്തിന്‍റെ പ്രധാന അധ്യാപികയുമായ പ്രിയ ജോസ് എന്നിവർ സംസാരിച്ചു.

പുതിയ വിദ്യാർഥികളെ മോഹനകുറുപ്പ് മലയാളത്തിന്‍റെ ആദ്യാക്ഷരം കുറിപ്പിച്ചു. നൂതന സാങ്കേതിക വിദ്യകളും പാഠ്യേതര പ്രവർത്തനങ്ങളും സംയോജിപ്പിച്ചു നടത്തുന്ന ക്ലാസുകളിൽ പങ്കെടുത്തുകൊണ്ട് മുപ്പതോളം വിദ്യാർഥികൾ മലയാള ലിപിയുടെ ആദ്യാനുഭവങ്ങൾ സ്വായത്തമാക്കി.

ടൂവുമ്പ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെ സമർപ്പണവും കുട്ടികളുടെ ഉത്സാഹവും പ്രശംസിക്കുന്നതിനോടൊപ്പം രക്ഷകർത്താക്കളുടെ പൂർണമായ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.