മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി
Wednesday, June 29, 2022 11:54 AM IST
ജയ്സൺ ജോസഫ്
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്‌സിന്‍റെ മ്യൂസിക് ഡയറക്ഷനിൽ ഫോർ മ്യൂസിക്സിലെ ബിബി മാത്യു രചന നിർവഹിച്ച "കണ്ണിലിന്നൊരു കനവുമായ്' എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഈഫ വർഗീസ് ആണ്. ശ്രവ്യ സുന്ദരമായ ആലാപനവും അയർലണ്ടിന്‍റെ ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.

ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്‍റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് കിരൺ ബാബു ആണ്. മെന്റോസ് ആന്റണി എഡിറ്റിംങും ഡി ഐ യും നിർവഹിച്ചിരിക്കുന്നു.

പ്രണയത്തിന്റെ ഇടയിലുള്ള കാത്തിരിപ്പും ഏകാന്തതയും എല്ലാമാണ് "കണ്ണിലിന്നൊരു കനവുമായ്' എന്ന മനോഹരമായ ഗാനത്തിന്‍റെ ഇതിവൃത്തം. മ്യൂസിക് 24/ 7 ചാനലിലൂടെ ആണ് പാട്ടു റീലീസ് ആയിരിക്കുന്നത്.

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്‍റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ അവതരിപ്പിക്കുന്നത്.