പരിശുദ്ധ കാതോലിക്കാബാവയുടെ ശ്ലൈഹീക സന്ദർശന തപാൽ സ്റ്റാമ്പ് മെൽബണിൽ പ്രകാശനം ചെയ്തു
Monday, September 19, 2022 9:56 PM IST
റോണി ഏബ്രഹാം
മെൽബൺ : പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ തന്‍റെ സ്ഥാനാരോണത്തിനു ശേഷമുള്ള പ്രഥമ സന്ദശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തി.

ചരിത്ര സന്ദർശനത്തിന്‍റെ സ്മരണയ്ക്കായി ഓസ്‌ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് മെൽബണിൽ ഓസ്‌ട്രേലിയൻ പാർലമെന്‍റ് അംഗവും , മുൻ സാംസ്‌കാരിക വകുപ്പ് അധ്യക്ഷനുമായ പീറ്റർ ഖലീൽ എംപി, ആദ്യ കോപ്പി പരിശുദ്ധ ബാവയ്ക്ക് നൽകി പ്രകാശനം ചെയ്തു. സെപ്റ്റംബർ പതിനെട്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു കത്തീഡ്രൽ അങ്കണത്തിൽ നടന്ന പൊതു ചടങ്ങിൽ വിവിധ സഭാ മേലധ്യക്ഷന്മാരും, രാഷ്ട്രീയ നേതാക്കന്മാരും സംസാരിച്ചു.

ഒരു ഇന്ത്യൻ സഭാമേലദ്ധ്യക്ഷ്യന്‍റെ ബഹുമാനാർത്ഥം ഇത്തരത്തിൽ ഒരു വ്യക്‌തിഗത തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത് മലങ്കര സഭാചരിത്രത്തിൽ ഇത് ഇദം പ്രഥമമായാണ്. ഈ ഉദ്യമത്തിനു ഓസ്ട്രേലിയ പോസ്റ്റിനോടും സഭാ ഓഫീസിനോടും ചേർന്നു പ്രവർത്തിച്ചു നേതൃത്വം നൽകിയ മെൽബൺ കത്തീഡ്രൽ അംഗങ്ങളോടും, ഇടവക നേതൃത്വത്തോടും ഉള്ള നന്ദി പരിശുദ്ധ കാതോലിക്കാബാവ പ്രകടിപ്പിച്ചു.

സ്റ്റാമ്പിന്‍റെ കോപ്പി ലോകത്തു എവിടെയും ഉള്ള സഭാംഗങ്ങൾക്കു ഓർഡർ ചെയ്യാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക .