ന്യൂഡൽഹി: ഓണാഘോഷത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്റെയും മാനുവൽ മലബാർ ജൂവലേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് തിരുവാതിര കളി മത്സരം ഇന്ന് വൈകുന്നേരം നാല് മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാലോം ഹിൽസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ & ചെയർപേഴ്സൺ ഡോ ലില്ലി ജോർജ് ഉദ്ഘാടനം നിർവഹിക്കും. മലബാർ മാനുവൽ ജൂവലേഴ്സ് സിഇഒ മാനുവൽ മെഴുക്കനാൽ, വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കൾച്ചറൽ കൺവീനർ ജെ. സോമനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.
അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, മഹിപാൽപ്പുർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-3, മെഹ്റോളി, പാലം-മംഗലാപുരി, ആർകെ പുരം, വസുന്ധര എൻക്ലേവ്, വിനയ് നഗർ-കിദ്വായ് നഗർ, വികാസ്പുരി-ഹസ്തസാൽ എന്നീ ഡിഎംഎയുടെ 14 ഏരിയകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരാകുന്ന ടീമിന് 20,000 രൂപയും ട്രോഫിയും കൂടാതെ നെഹ്റു സ്റ്റേഡിയത്തിലെ വെയിറ്റ്ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ 27നു നടക്കുന്ന "ഓണം പൊന്നോണം' എന്ന പരിപാടിയിൽ തിരുവാതിരകളി അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.