മെല്‍ബണ്‍ രൂപത സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച ദൈവാനുഗ്രഹം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Wednesday, March 26, 2014 1:34 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച വലിയ ദൈവാനുഗ്രഹമാണു മെല്‍ബണ്‍ രൂപതയെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചു ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഓസ്ട്രേലിയയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ക്കുവേണ്ടി പുതിയ രൂപത സ്ഥാപിക്കുന്നതിന് അനുവാദം നല്‍കിയ ഫ്രാന്‍സിസ് മാര്‍പാപ്പയോടും ആവശ്യമായ സഹായങ്ങള്‍ നല്‍കിയ ഓസ്ട്രേലിയയിലെ മെത്രാന്മാരുടെ സിനഡിനോടും സഭയ്ക്കു കടപ്പാടുണ്ട്. ഏതാനും വര്‍ഷങ്ങളായി ഇവിടെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ശുശ്രൂഷ ചെയ്യുന്ന ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, പ്രവാസികളുടെ അജപാലന ആവശ്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബിഷപ്പുമാരായ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍, മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, ഫാ. പീറ്റര്‍ കാവുംപുറം ഉള്‍പ്പടെയുള്ള മറ്റു വൈദികര്‍, അല്മായര്‍ എന്നിവരോടെല്ലാം സഭ കടപ്പെട്ടിരിക്കുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു.

ഈസ്റ് മെല്‍ബണിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ചൊവ്വാ രാത്രി ഏഴിനാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന്) ശുശ്രൂഷകള്‍ ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡോ. ഡെന്നിസ് ഹാര്‍ട്ട് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

ഓസ്ട്രേലിയയില്‍ താമസിക്കു ന്ന ആയിരക്കണക്കിനു സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സഭ നല്‍കിയ വിലപ്പെട്ട സ മ്മാനമാണു മെല്‍ബണ്‍ രൂപത യെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനും വൈദികര്‍ക്കും വിശ്വാസികള്‍ക്കും രൂപതയെ നയിക്കാനും വളര്‍ത്താനും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. പോള്‍ ഗാലഗറെ മാര്‍പാപ്പയുടെ കല്പന വായിക്കാന്‍ ക്ഷണിച്ചു.

ആര്‍ച്ച്ബിഷപ് ഗാലഗര്‍ ലത്തീനില്‍ വായിച്ച പേപ്പല്‍ ബൂളയുടെ ഇംഗ്ളീഷ് പരിഭാഷ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ആര്‍ച്ച്ബിഷപ് ഡോ. ഗാലഗറും ചേര്‍ന്നു സ്ഥാനാരോഹണത്തിന്റെ അടയാളമായി മാര്‍ ബോസ്കോ പുത്തൂരിനെ ഔദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു.

സ്ഥാനാരോഹണത്തെത്തുടര്‍ന്നുള്ള ദിവ്യബലിയില്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷമായ ദിവ്യബലിയില്‍ ഇന്ത്യയില്‍ നിന്ന് ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പോള്‍ ആലപ്പാട്ട്, ഡോ. പോള്‍ മയ്പാന്‍ എന്നിവരും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ 22 മെത്രാന്മാരും 75 വൈദികരും സഹകാര്‍മികരായി.

മെല്‍ബണ്‍ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഭാമക്കളുടെ മുഴുവന്‍ പ്രാര്‍ഥനയും സഹകരണവും ആവശ്യമാണെന്നു ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ദിവ്യബലിക്കുശേഷം ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിലെ വൈദികരും അല്മായ, യുവജന സംഘടന, മിഷന്‍ ലീഗ്, തിരുബാലസഖ്യം പ്രതിനിധികളും പുതിയ മെത്രാനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ശുശ്രൂഷകളുടെ നടത്തിപ്പിനു ഫാ. ലോനപ്പന്‍ അരണാശേരി, ഫാ. തോമസ് ആലുക്ക എന്നിവര്‍ നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെയാണു ചടങ്ങുകള്‍ സമാപിച്ചത്.

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കണ്‍വീനറും ഫാ. പീറ്റര്‍ കാവുംപുറം ജോയിന്റ് കണ്‍വീനറും മെല്‍ബണിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രതിനിധികള്‍ അംഗങ്ങളുമായുള്ള വിവിധ കമ്മിറ്റികള്‍ സ്ഥാനാരോഹണ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.