'റിട്ടയര്‍മെന്റ് വിശ്രമകേന്ദ്രം' ഒരു സ്വപ്നസാക്ഷാത്കാരം
Saturday, November 21, 2015 8:25 AM IST
ടെക്സസ്: 'റോയ്സ് സിറ്റി'യുടെ ഹൃദയഭാഗത്ത്, സജ്ജമായിരിക്കുന്ന കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് (കെസിഎ) ഹോംസിന്റെ 'മോഡല്‍ ഹോംസ്' അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ, പ്രത്യേകിച്ച് വാര്‍ധക്യത്തിലേക്ക് കാലൂന്നുന്ന മുതിര്‍ന്ന തലമുറയുടെ ഒരുചിരകാലാഭിലാഷത്തെ സാക്ഷാത്കരിച്ചിരിക്കുകയാണ്.

ഡാളസ് ഫോര്‍ട്ട്വെര്‍ത്ത് എയര്‍പോര്‍ട്ടില്‍നിന്നു നാല്‍പ്പത്തിയെട്ടു മൈലുകള്‍ മാത്രം അകലെയുള്ള 1-30 ഹൈവേയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന 'റോയ്സ് സിറ്റി'യുടെ കണ്ണായ പ്രദേശത്ത്, ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഒരു 'കൊച്ചുകേരളം' എന്നു തോന്നിപ്പിക്കത്തക്ക വിധം 432 ഏക്കറോളം വരുന്ന സ്ഥലത്തു രൂപപ്പെടുത്തിയിരിക്കുന്ന കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ 'മാതൃകാ വീടുകള്‍' അമേരിക്കന്‍ മലയാളി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുമെന്നുറപ്പ്.

149 അംഗങ്ങള്‍ പാര്‍ട്നേഴ്സ് ആയ കെസിഎഎച്ച്എല്‍എല്‍സി കോര്‍പറേഷനാണ് പ്രോജക്ടിന് സാരഥ്യം വഹിക്കുന്നത്. വെസ്റ് ഓറഞ്ച് കേന്ദ്രമായ പ്രാര്‍ഥനാഗ്രൂപ്പിലാണ് ആദ്യമായി ഇത്തരമൊരാശയം രൂപമെടുത്തത്. സങ്കീര്‍ത്തനം 133:1 വചനഭാഗമായിരുന്നു ഇങ്ങനെയൊരു ചിന്തയ്ക്ക് വിത്തിട്ടത്.

659 വീടുകള്‍ നിര്‍മിക്കാനാണ് കെസിഎയുടെ പരിപാടി. 45 മൈല്‍ ചുറ്റളവില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10 മൈല്‍ ചുറ്റളവില്‍ പ്രധാന ആശുപത്രികളുടെ സേവനം തുടങ്ങിയവയും പ്രോജക്ടിന്റെ ആകര്‍ഷണീയതകളാണ്. ചര്‍ച്ച് ആന്‍ഡ് സ്പിരിച്വല്‍ ആക്ടിവിറ്റീസ്, പ്രാഥമിക ചികിത്സാകേന്ദ്രം, ഷോപ്പിംഗ് കോംപ്ളെക്സ്, കാന്റീന്‍, നഴ്സിംഗ് ഹോം, മസാജ് പാര്‍ലര്‍, സ്വിമ്മിംഗ് പൂള്‍, ഹോം തീയേറ്റര്‍ തുടങ്ങിയ ആധുനിക സൌകര്യങ്ങള്‍ക്കൊപ്പം 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള ഗേറ്റഡ് കമ്യൂണിറ്റി എന്നത് കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്റെ പ്രത്യേകതകളില്‍ ചിലതു മാത്രമാണ്. വിശ്രമ ജീവിതത്തില്‍ മനസിനു കുളിര്‍മയേകാന്‍ കളിസ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍, സ്റേജ് ഷോസ്, പിക്നിക് തുടങ്ങിയ വിനോദങ്ങളും ഒരുക്കുന്നതിനു പുറമേ സെമിനാറുകള്‍, ലൈബ്രറികള്‍ എന്നിവ വഴിയായി വിജ്ഞാന പ്രദങ്ങളായ മറ്റു വിവിധ പദ്ധതികളും മെഡിറ്റേഷനുള്ള സൌകര്യവും ഇവിടെ ലഭ്യമാകും. ഭാവിയില്‍ കടകളും ബാങ്ക്വറ്റ് ഹാളും സജ്ജീകരിക്കാനും പ്ളാനുണ്ട്.

നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ജന്മനാടും വീടും വിട്ട്, പഠനത്തിനും ഉപജീവനമാര്‍ഗത്തിനും മറ്റുമായി അമേരിക്കയുടെ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളിസമൂഹത്തിന്റെ ഒന്നാംതലമുറ തങ്ങളുടെ വിശ്രമജീവിതത്തെക്കുറിച്ച് ആകുലരായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ബൃഹദ് പദ്ധതിക്ക് പ്രാധാന്യമേറെയാണ്.

ഇതിനൊപ്പം തന്നെ റിട്ടയര്‍ ചെയ്തവര്‍ പലപ്പോഴും അറിയാതെ പോകുന്ന, സ്റേറ്റ്, ഫെഡറല്‍ ഗവണ്‍മെന്റ് തലത്തിലെ പല ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവ എങ്ങനെ ലഭ്യമാകുമെന്നതു സംബന്ധിച്ചും ആരോഗ്യപരമായും സാമ്പത്തികമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഇവിടെനിന്ന് നമുക്ക് ലഭ്യമാകുന്നു. സ്റേറ്റ് തലത്തില്‍ ഇന്‍കം ടാക്സ് ഇല്ലെന്നതാണു ടെക്സസിന്റെ ഒരു പ്രത്യേകത. നോര്‍ത്ത് ഈസ്റിനെ അപേക്ഷിച്ച് ഇവിടെ സ്ഥലത്തിനു മൂല്യം കുറവാണ്.

റിട്ടയര്‍ ഹോം എന്നതിലുപരി കമ്യൂണിറ്റി സെന്റര്‍ എന്ന ആശയവും വിഭാവനചെയ്ത് രൂപപ്പെടുത്തിയ പദ്ധതിക്ക് 2007 മേയ് അഞ്ചിനാണ് സിറ്റി അധികൃതരുടേയും സഭാ മേലധ്യക്ഷന്മാരുടേയും പൌരപ്രമാണികളുടേയും വിവിധ മലയാളി സംഘടനാനേതാക്കളുടേയും മറ്റനേകം വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തില്‍ ഗ്രൌണ്ട് ബ്രേക്കിംഗ് നടന്നത്. ഏതൊരു പദ്ധതിക്കുമെന്നതുപോലെ പ്രാഥമികഘട്ടത്തില്‍ വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നുവെങ്കിലും പദ്ധതി പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് അഡല്‍റ്റ് ഹോംസ് സാരഥികള്‍.

ആദ്യകാല കുടിയേറ്റ മലയാളി സമൂഹത്തിലൊരാളും വര്‍ഷങ്ങളായി മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ യാക്കോബായ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ റവ.ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്ക്കോപ്പാ പദ്ധതിയുടെ അമരക്കാരനായിരിക്കുന്നതു തന്നെ പദ്ധതിയോട് ജനങ്ങള്‍ക്കുള്ള വിശ്വസനീയത വര്‍ധിപ്പിക്കുന്നു.

ഡാളസിനു പുറമേ ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് തുടങ്ങി വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറുകണക്കിനു മലയാളികള്‍ പദ്ധതിയില്‍ അംഗത്വമെടുത്തു കഴിഞ്ഞു. നിക്ഷേപകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് രണ്ടായിരം മുതല്‍ മൂവായിരത്തിയഞ്ഞൂറു സ്ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള, ആധുനിക സൌകര്യങ്ങളോടു കൂടിയ വീടുകളുടേയും പണി പുരോഗമിച്ചു വരുന്നു.

ഭവനങ്ങള്‍ സ്വന്തമാക്കുന്നതിനായി എല്ലാ മലയാളികളെയും ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സിനു വേണ്ടി സിഇഒ എം.സി. അലക്സാണ്ടറും ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി പ്രസിഡന്റ് റവ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്ക്കോപ്പാ എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍