ഫാ. ജോബ് മൈലാടിയില്‍ സിഎംഐ ബംഗളൂരു സീറോമലബാര്‍ സഭാസമൂഹത്തിന്റെ ഇടയശില്പി
Wednesday, January 13, 2016 5:35 AM IST
റവ. ഡോ. തോമസ് കല്ലുകളം സിഎംഐ

ബംഗളൂരു: ബംഗളൂരു സീറോമലബാര്‍ സഭാസമൂഹത്തിന്റെ ആദ്യകാല വികാരിയും സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതി പ്പി ച്ച മഹനീയ വ്യക്തിയുമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫാ. ജോബ് മൈലാടിയില്‍ സിഎംഐ. പാലാ മുഴുരിലെ മൈലാടിയില്‍ കുടുംബത്തില്‍ 1933 ഓഗസ്റ് 17ന് ജനിച്ച് 1957 മേയ് 16ന് ആദ്യവ്രതം ചെയ്ത അദ്ദേഹം 1963 മേയ് 17ന് വൈദികനായി. മാര്‍ ആന്റണി പടിയറയുടെ നിര്‍ദേശപ്രകാരം ഊട്ടി രൂപതയിലെ ഗുഡല്ലൂര്‍ സെന്റ് മേരീസ് ഇടവക വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഗുഡല്ലൂര്‍ അരുണ്‍നിലയം, ബെക്കി എന്നീ സ്ഥാപനങ്ങള്‍ രൂപം കൊണ്ടത്. 1972 മുതല്‍ കോഴിക്കോട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനരംഗം. 1972 മുതല്‍ 79 വരെയും, 2002 മുതല്‍ 2005 വരെയും കോഴിക്കോട് അമലാപുരി സെന്റ് തോമസ് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചു. സീറോ മലബാര്‍ സഭയുടെ കോഴിക്കോട് നഗരത്തിലെ ആദ്യപള്ളിയായ അമലാപുരി ദേവാലയം പണികഴിപ്പിച്ചതും അദ്ദേഹമാണ്. 1984 മുതല്‍ 1993 വരെ അദ്ദേഹത്തിന്റെ സേവനം ബംഗളൂരു സീറോമലബാര്‍ വിശ്വാസികള്‍ക്കു ലഭ്യമായി. ധര്‍മാരാം കേന്ദ്രമായി പ്രവര്‍ത്തിച്ച അദ്ദേഹം ബംഗളൂരുവില്‍ ചിതറിക്കിടന്ന വിശ്വാസി സമൂഹത്തെ ധര്‍മാരാം സെന്റ് തോമസ് ഇടവക കേന്ദ്രമാക്കി ഒരുമിച്ചു കൂട്ടുന്നതില്‍ വിജയിച്ചു. ധര്‍മാരാം സെന്റ് തോമസ് പള്ളിയുടെ വികാരിയായിരിക്കെ സഭാ വിശ്വാസികള്‍ക്കായി വിവിധ സെന്ററുകള്‍ സ്ഥാപിക്കാനും പരിപാലിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ഇന്നത്തെ മണ്ഡ്യ രൂപതയിലെ ബംഗളൂരുവിലുള്ള വിവിധ ഇടവകകളുടെ രൂപീകരണത്തില്‍ അദ്ദേഹത്തിന്റെ അര്‍പ്പണമനോഭാവവും ത്യാഗവും എടുത്തുപറയേണ്ടതാണ്. ഏതാനും വര്‍ഷം റോമിലുള്ള സീറോമലബാര്‍ സഭാ വിശ്വാസികളുടെ പ്രഥമ വികാരിയായി പ്രവര്‍ത്തിച്ച അദ്ദേഹം ദീപികയുടെ മലബാര്‍ കോര്‍ഡിനേറ്ററുമായിരുന്നു. കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്കൂളുകളുടെ പ്രാരംഭത്തില്‍ അദ്ദേഹം നിര്‍ണായകമായ പങ്കു വഹിച്ചു. സിഎംഐ കോഴിക്കോട് പ്രോവിന്‍സിന്റെ അജപാലന കൌണ്‍സിലറായും വികാര്‍ പ്രൊവിന്‍ഷ്യലായും സേവനമനുഷ്ഠിച്ചു.

എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറായി മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം 1997ല്‍ കോഴിക്കോട് അമലാപുരിയില്‍ ചാവറ കള്‍ച്ചറല്‍ സെന്ററും ചാവറ പബ്ളിക് ലൈബ്രറിയും സ്ഥാപിക്കുകയും 2000 വരെ അതിന്റെ ഡയറക്ടറായി പ്രവര്‍ ത്തിക്കുകയും ചെയ്തു. തളിപ്പറമ്പ് പുഷ്പഗിരി ദര്‍ശന ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികെയാണ് ജോബച്ചന്‍ ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ടത്. ബംഗളൂരു സീറോമലബാര്‍ സഭാ സമൂഹത്തിന് അടിസ്ഥാനമിട്ടു വളര്‍ത്തിയ ത്യാഗവര്യനായ ഈ വലിയ മിഷനറിയുടെ മുന്നില്‍ മണ്ഡ്യ രൂപത വിശ്വാസി സമൂഹ ത്തിന്റെയും ബംഗളൂരു ദീപിക കുടുംബത്തിന്റെയും പ്രണാമം.