പ്രസ്റ്റൺ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
Friday, August 26, 2016 8:18 AM IST
ലണ്ടൻ: മത സാമുദായിക, രാഷ്ര്‌ടീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ അനുഗ്രഹപൂർണമാകും.

സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകുന്ന തിരുക്കർമങ്ങളിൽ ആതിഥേയരൂപതയായ ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംബെൽ, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും.

ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ആന്റോനിയോ മന്നിനി ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം വായിക്കും. ചടങ്ങിൽ ഇന്ത്യയ്ക്കു പുറത്തുള്ള പ്രവാസി രൂപതകളിലെ പതിനഞ്ചോളം പിതാക്കൻമാർ പങ്കെടുക്കും. മാർ സ്രാമ്പിക്കലിന്റെ പ്രത്യേക അതിഥികളായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാതൃഇടവകയായ ഉരുളിക്കുന്നം ഇടവകയിൽ നിന്നും പാലാ രൂപതയിലെ വൈദിക അൽമായ പ്രതിനിധികളും മുമ്പു സേവനം ചെയ്ത വത്തിക്കാൻ, ജർമനി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുമുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും യുകെയിലുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

രാഷ്ര്‌ടീയ നേതാക്കളെ പ്രതിനിധീകരിച്ച് പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, പ്രസ്റ്റണിലെ മൂന്നു പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്കു സാക്ഷികളാകും.

ബ്രിട്ടണിലെ എല്ലാ സീറോ മലബാർ കുടുംബങ്ങളുടെയും സാന്നിധ്യംകൊണ്ട് സമ്പന്നമാക്കപ്പെടുന്ന മെത്രാഭിഷേക ചടങ്ങുകൾ, ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിനു വേദിയൊരുങ്ങുകയാണ്. യുകെയിലെ എല്ലാ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള ചാപ്ലെയിന്മാരുടെ നേതൃത്വത്തിൽ ബസുകളിലായി മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ വിശ്വാസ സമൂഹത്തിനെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഇതിനായി വിശ്വാസ സമൂഹം പ്രാർഥിച്ചൊരുങ്ങുകയാണ്.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ