ഒക്ടോബർ ഫെസ്റ്റിന് ശനിയാഴ്ച തുടക്കമാവും
Friday, September 15, 2017 10:14 AM IST
മ്യൂണിക്ക്: ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ മ്യൂണിക്കിൽ ശനിയാഴ്ച തുടക്കം കുറിക്കും. സിറ്റി മേയർ ഡീറ്റർ റൈറ്റർ പരന്പരാഗത രീതിയിൽ മേള ഉദ്ഘാടനം ചെയ്യും. ഒസാപ്ഫ്റ്റ് എന്നുറക്കെ വിളിച്ചുപറഞ്ഞാണ് ബിയർ ഫാസ് തുറന്നു മേള ഉദ്ഘാടനം ചെയ്യുന്നത്. ബവേറിയൻ സാംസ്കാരികഭൂമികയിൽ നിർണായക സാന്നിധ്യമായ ഒക്ടോബർ ഫെസ്റ്റിന്‍റെ ഇരുനൂറ്റിയേഴാം എഡിഷനാണിത്.

ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഫെസ്റ്റിന് ജർമനി ഇത്തവണ നേരത്തെതന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

മ്യൂണിക്ക് നഗര ഭരണകൂടത്തിനും പോലീസിനുമാണ് സുരക്ഷാ ചുമതല. അറുപതു ലക്ഷത്തിലധികം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ജർമൻ നഗരങ്ങളിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്.

ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ഡെപ്യൂട്ടി മേയർ ജോസഫ് ഷ്മിഡ് അറിയിച്ചു. എന്നാൽ, ഇതൊന്നും ആഘോഷ പരിപാടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെസ്റ്റിനെതിരേ ആക്രമണമുണ്ടാകുമെന്ന തരത്തിൽ വ്യക്തമായ ഇന്‍റലിജൻസ് റിപ്പോർട്ടുകളൊന്നും ഇതുവരെയില്ലെന്ന് മ്യൂണിക്ക് പോലീസ് മേധാവി അറിയിച്ചു. എന്നാൽ, പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഉറപ്പു നൽകി.

പതിവുകാർക്കു പോലും ഓരോ സന്ദർശനത്തിലും പുതിയ കാഴ്ചകൾ നൽകുന്ന ബിയർ ഉത്സവമാണ് ഒക്ടോബർഫെസ്റ്റ്. ആയിരത്തിലധികം പേരടങ്ങുന്ന പരേഡോടെ ശനിയാഴ്ച ഇതിനു തുടക്കം കുറിക്കും. ജർമൻ പാരന്പര്യത്തിന്‍റെ ഒരു ആഘോഷകാലം കൂടിയാണ് ഇതോടെ തുടങ്ങുന്നത്.

വിവിധ തരം ബിയറുകളുമായി ബന്ധപ്പെട്ട് പതിനാല് കൂറ്റൻ ടെന്‍റുകളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. ബവേറിയയിലെ ഏറ്റവും പഴക്കവും പാരന്പര്യവുമുള്ള ആറ് കേന്ദ്രങ്ങളിൽ നിന്നുള്ള ബിയറുകൾ മാത്രമേ ഇവിടെ കിട്ടൂ. പുറത്തു കിട്ടുന്ന ബിയറിനെക്കാൾ ലഹരി കൂടുതലായിരിക്കും ഇതിന്. മധുരവും കാർബണേഷനും കൂടുന്പോൾ രുചി കൂടി. ആ രുചി പിടിച്ച് പതിവിൽ കൂടുതൽ കുടിച്ചാൽ പണി കിട്ടുകയും ചെയ്യും. ബിയറിനൊപ്പം നുണയാൻ അത്യാവശ്യം രുചിയുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും.

കഴിഞ്ഞ വർഷം ആറര ലക്ഷത്തിലേറെ ലിറ്റർ ബിയറാണ് ഇവിടെ കുടിച്ചുവറ്റിക്കപ്പെട്ടത്. ഒരാൾ ഒരു ലിറ്റർ എന്ന കണക്കിലാണ് ബിയർ കുടിച്ചത്. അമേരിക്ക, ഇറ്റലി, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നു നിരവധി സന്ദർശകരെത്തിയിരുന്നു.

സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫോക്സ് മേളയായി വിശേഷിപ്പിക്കപ്പെടുന്ന ഫെസ്റ്റിന് ഒക്ടോബർ മൂന്നിന് സമാപനം കുറിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ