മെൽബണിൽ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവക്ക് ഉജ്ജ്വല സ്വീകരണം
Wednesday, November 8, 2017 1:42 PM IST
മെൽബണ്‍: ശ്ലൈഹിക സന്ദർശനത്തിന്‍റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവക്ക് മെൽബണിൽ ഉജ്ജ്വല സ്വീകരണം. നവംബർ എട്ടിന് മെൽബണ്‍ എയർപോർട്ടിൽ വൈദികരും ഇടവകജനങ്ങളും ചേർന്ന് ബാവായെ സ്വീകരിച്ചു.

11ന് (ശനി) രാവിലെ 11 ന് മെൽബണ്‍ സിറ്റിയിലുള്ള (419 സെന്‍റർ ഡാൻഡിനോംഗ് റോഡ്, ഹെതർട്ടണ്‍) സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിലെത്തുന്ന ബാവാക്ക് സെന്‍റ് മേരീസ് ഫ്രാങ്ക്സ്റ്റൻ, സെന്‍റ് മേരീസ് ഷെപ്പെർട്ടൻ, സെന്‍റ് തോമസ് ക്രേഗീബണ്‍, സെന്‍റ് പീറ്റേഴ്സ് ക്നാനായ ഹൈഡൽബർഗ് ഇടവകകളും സംയുക്തമായി സ്വീകരണം നൽകും. തുടർന്നു മോർ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ കന്യാമറിയത്തിന്േ‍റയും മലങ്കരയുടെ മഹാപരിശുദ്ധനായ മോർ ഗ്രിഗോറിയോസിന്‍റെയും നാമത്തിലുള്ള ബലിപീഠങ്ങളിൽ ബാവാ ധൂപാർപ്പണം നടത്തുകയും ദേവാലയത്തേയും സദസിനെയും ശ്ലൈഹീക വാഴ്വ് നൽകി അനുഗ്രഹിക്കുകയും ചെയ്യും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ബാവാ, ഭക്തജനങ്ങൾക്ക് ആശിർവാദം നൽകും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

പരിശുദ്ധ പിതാവിന്‍റെ ശ്ലൈഹിക സന്ദർശനം വൻ വിജയമാക്കുവാൻ ഇടവക മെത്രാപോലീത്ത മോർ യുഹാനോൻ മിലിത്തിയോസിന്‍റെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലെയും ഭക്തജനങ്ങളും ഭരണസമിതിയും ഭക്തസംഘടനകളും പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ