സിഡ്നി സീറോ മലബാർ ഇടവകയിൽ ക്രിസ്തുരാജന്‍റെ തിരുനാൾ 24, 25, 26 തീയതികളിൽ
Friday, November 10, 2017 12:24 PM IST
സിഡ്നി: സിഡ്നി ഹോൾസ്വർത്തി ക്രിസ്തുരാജ സീറോ മലബാർ ഇടവകയിൽ ഇടവകമധ്യസ്ഥനായ ക്രിസ്തുരാജന്‍റെ തിരുനാൾ നവംബർ 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

24 ന് (വെള്ളി) വൈകുന്നേരം ഏഴിന് സിഡ്നി റീജണ്‍ എപ്പിസ്കോപ്പൽ വികാരിയും ഇടവക വികാരിയുമായ ഫാ.തോമസ് ആലുക്ക തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്നു നടക്കുന്ന ദിവ്യബലിയിൽ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി ഇലവുത്തുങ്കൽ മുഖ്യകാർമികത്വം വഹിക്കും.

25 ന് (ശനി) വൈകുന്നേരം നാലിന് ഫാ. ബൈജു എംജിഎൽ ദിവ്യബലി അർപ്പിക്കും. തുടർന്നു ഇടവകദിനാഘോഷവും മതബോധന സ്കൂൾ വാർഷികവും നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്‍റെ തനതു രുചിഭേദങ്ങളുമായി ഫുഡ്സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

പ്രധാന തിരുനാൾ ദിനമായ 26ന് (ഞായർ) വൈകുന്നേരം 4.30 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോഷി തെക്കിനേടത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ.തോമസ് കുറുന്താനം തിരുനാൾ സന്ദേശം നൽകും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടക്കും.

തിരുനാളിന് ഒരുക്കമായുള്ള ഏഴ് ദിവസത്തെ നൊവേന 18ന് (ശനി) ആരംഭിക്കും. നൊവേനക്കും ദിവ്യബലിക്കും ഇടവക വികാരി ഫാ. തോമസ് ആലുക്ക മുഖ്യകാർമികത്വം വഹിക്കും. 19ന് (ഞായർ) രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മെൽബണ്‍ സെന്‍റ് തോമസ് രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഫാ.സ്റ്റാൻലി ഒഎഫ്എം, ഫാ.ജോഷി ഒഎഫ്എം, ഫാ. അഗസ്റ്റിൻ തറപ്പേൽ, ഫാ. ജോബി കടന്പാട്ട്പറന്പിൽ എന്നിവർ നേതൃത്വം നൽകും.

തിരുക്കർമങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വികാരി ഫാ. തോമസ് ആലുക്കയും കൈക്കാര·ാരും തിരുനാൾ കമ്മിറ്റിയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ