സംസ്ഥാനത്ത് ടാക്സി നിരക്ക് കൂടും
Saturday, November 11, 2017 11:03 AM IST
ബംഗളൂരു: സംസ്ഥാനത്ത് ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാനാണ് സർക്കാർ നീങ്ങുന്നത്. പുതുക്കിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

കാറുകളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചാണ് പുതുക്കിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഹാച്ച്ബാക്ക് വിഭാഗത്തിലുള്ള നാലു ലക്ഷം രൂപ വരെയുള്ള കാറുകളെ എ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനു മുകളിലുള്ള കാറുകളെ ബി വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. സെഡാൻ വിഭാഗത്തിലുള്ള കാറുകളെ സി, ഡി എന്നിങ്ങനെയും ആഡംബര കാറുകളെ ഇ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എ വിഭാഗത്തിന് കിലോമീറ്ററിന് പത്തു രൂപയിൽ നിന്ന് 12 രൂപയായും ബി വിഭാഗത്തിന് 13 രൂപയിൽ നിന്ന് 16 രൂപയായും നിരക്ക് ഉയരും. സി,ഡി വിഭാഗങ്ങൾക്ക് കിലോമീറ്ററിന് 15 രൂപയും ഇ വിഭാഗത്തിന് 30 രൂപയുമാണ് പുതുക്കിയ നിരക്ക്.