ജർമനിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർക്ക് പരിക്ക്
Wednesday, December 6, 2017 2:41 PM IST
ബെർലിൻ: ജർമനിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർക്ക് പരിക്കേറ്റു. ജർമനിയിലെ ഡ്യൂസൽഡോർഫിനടുത്ത് മേർബുഷിൽ ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം 19.33 നാണ് സംഭവം. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയും തമ്മിലാണ് മേബൂഷ് ടൗണിനടുത്ത് കൂട്ടിയിടിച്ചത്.

അപകട സമയത്ത് യാത്രാ ട്രെയിനിൽ 155 പേരാണുണ്ടായിരുന്നത്. ഇലക്ട്രിക്കൽ കേബിൾ മുറിഞ്ഞു കിടന്നതു കാരണം രക്ഷാ പ്രവർത്തകർ ട്രെയിനിനടുത്തെത്താൻ വൈകി. ട്രെയിനുള്ളിലുള്ളവർക്ക് ഷോക്കേൽക്കില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആളുകളെ പുറത്തിറക്കിയത്.

പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതാണെന്നും ഡോക്ടർമാർ അറിയിച്ചു.

കൂട്ടിയിടിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ