എസ്എൻഡിപി ഡൽഹി യൂണിയൻ തെരഞ്ഞെടുപ്പ് 10 ന്
Thursday, December 7, 2017 1:14 PM IST
ന്യൂഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്‍റെ തെരഞ്ഞെടുപ്പ് ഡിസംബർ 10 ന് (ഞായർ) നടക്കും. വികാസ് പുരി കേരളാ സ്കൂളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടു ചെയ്യുവാനുള്ള സമയം. വോട്ടു ചെയ്യാനെത്തുന്നവർ തങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കൈവശം കരുതണമെന്ന് വരണാധികാരി അഡ്വ. വി.കെ. സിദ്ധാർഥൻ അറിയിച്ചു.

രണ്ടു പാനലുകളായാണ് മത്സരം നടക്കുക. പ്രസിഡന്‍റ് സ്ഥാനാർഥികളായി ടി.കെ.കുട്ടപ്പൻ, എം.എസ്. ബാലചന്ദ്രൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളായി കെ.ജി. സുനിൽ, ടി.എസ്. അനിൽ യൂണിയൻ സെക്രട്ടറി സ്ഥാനാർഥികളായി സി.കെ. പ്രിൻസ്, കല്ലറ മനോജ്, യോഗം ഡയറക്ടർ ബോർഡിലേക്ക് പത്തിയൂർ രവി, എം.കെ. അനിൽ കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയിലേക്ക് എൻ. സുരേന്ദ്രൻ, പി. മനോജ്, വി.പി. ബാഹുലേയൻ, സുധാ ലച്ചു സിംഗ്, ടി.കെ. മധുസൂദനൻ, സി.ഡി. സുനിൽ എന്നിവരോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി ജയന്ത് മുത്തേടത്തുമാണ് മത്സര രംഗത്തുള്ളത്.

ഡൽഹി യൂണിയന്‍റെ കീഴിലുള്ള 26 ശാഖകളിലെ മുന്നൂറിൽപരം സമ്മതിദായകരാണ് അടുത്ത മൂന്നു വർഷക്കാലത്തേയ്ക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുക്കുന്നത്.

റിപ്പോർട്ട്: പി.എൻ. ഷാജി