കലയുടെ കരുത്തിൽ മലയാളികൾക്ക് അഭിമാനമായി ജാനറ്റ് മാത്യൂസ്
Thursday, December 7, 2017 1:19 PM IST
സൂറിച്ച്: അമ്മയുടെ പാട്ടുകേട്ട് രണ്ടാം വയസിലാണ് അവൾ മൂളിത്തുടങ്ങുന്നത്. പിച്ചവയ്ക്കാൻ ആരംഭിച്ചപ്പോഴേ കാലുകൾ ചുവടുവച്ചു. ചുണ്ടിൽ സംഗീതവും ചുവടിൽ നടനവും വിളങ്ങിയതോടെ പ്രതിഭയുടെ മാറ്റ് ലോകമറിഞ്ഞു. ജാനറ്റ് മാത്യൂസ് ചെത്തിപ്പുഴ എന്ന മലയാളിനാമം അതിരുകൾ ഭേദിച്ച് പേരും പ്രശസ്തിയും ആർജിച്ചത് കലയുടെ കരുത്തിലാണ്. ലോകമെന്പാടുമുള്ള മലയാളികളിൽ അഭിമാനവും വിദേശികളിൽ ആരാധനയും നിറച്ച് വലിയ ഉയരങ്ങൾ താണ്ടുകയാണ് ഈ കൊച്ചുമിടുക്കി.

സ്വിറ്റ്സർലന്‍റിലെ സൂറിച്ചിൽ സ്ഥിരതാമസമാക്കിയ സിബി-ജിൻസി ദന്പതികളുടെ മകളായി സംഗീത പരന്പര്യമുള്ള കുടുംബത്തിലാണ് ജാനറ്റിന്‍റെ ജനനം. രണ്ടാംവയസിൽ അമ്മയ്ക്കൊപ്പം മൂളിപ്പാട്ട് ആരംഭിച്ച ജാനറ്റ് മൂന്നാംവയസിൽ വേദികളിൽ പാടിത്തുടങ്ങി. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയായിരുന്നു തുടക്കം.

കേളി ഇന്‍റർനാഷണൽ കലാമേള, ഭാരതീയ കലോൽസവം എന്നിവയിൽ ഈ കൊച്ചുമിടുക്കി ചെറുപ്രായത്തിലേ ശ്രദ്ധാകേന്ദ്രമായി. വലിയ വേദികളിൽപോലും ചെറുപ്രായത്തിലേ പാടുവാൻ അവസരം ലഭിച്ച ഈ കലാകാരി സ്കൂളിൽ ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ സോളോ സോംഗ് പാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷമായി ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിക്കുന്നത്.

മൂന്നാംവയസിലേ നൃത്തം ചെയ്യാനാരംഭിച്ച ജാനറ്റിന് കൂടുതൽ പ്രോത്സാഹനം നല്കിയതും അമ്മ ജിൻസി തന്നെയായിരുന്നു ആദ്യ സ്റ്റേജ് പ്രകടനത്തിന് നൃത്തം പഠിപ്പിച്ചതും അമ്മ തന്നെ. കലാരത്നം ജ്ഞാനസുന്ദരി ആയിരുന്നു നൃത്തത്തിൽ ആദ്യ ഗുരു. മൂന്നാം വയസിൽത്തന്നെ നിരവധി സ്റ്റേജുകളിൽ സോളോ നൃത്തം അവതരിപ്പിച്ച ജാനറ്റ്, തുടർന്ന് ഭരതനാട്യം, മോഹിനിയാട്ടം, കേളി ഇന്‍റർനാഷണൽ കലാമേളയുടെ ബോളിവുഡ് ഡാൻസ്, ഭാരതീയ കലോൽസവം, വേൾഡ് ഓഫ് ഹിഡൻ ഐഡൽ, ഐബിസി ചാനൽ റിയാലിറ്റി ഷോ എന്നിവിടങ്ങളിലെല്ലാം വിജയിയായി. ചിലങ്ക ഡാൻസ് സ്കൂളിലെയും ഡാൻസ് ക്യാന്പുകളിലെയും നിറ സാന്നിധ്യമാണ് ജാനറ്റ്.

വേൾഡ് ഹിഡൻ ഐഡൽ 2016 വിജയിയായ ജാനറ്റ് ഇന്ന് സ്വിറ്റ്സർലന്‍റിലും ആരാധകരുള്ള താരമാണ്. മുപ്പത് ഫൈനലിസ്റ്റുകളിലെ പ്രായം കുറഞ്ഞ മത്സരാർഥിയായ ജാനറ്റ് ക്ലാസിക് നൃത്തരൂപങ്ങളായ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനവും കരസ്ഥമാക്കി. പൈതൽ എന്ന സംഗീത ആൽബത്തിനായി മൂന്ന് പാട്ടുകൾ പാടിയ ജാനറ്റ് വളരെപ്പെട്ടെന്നാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. സ്വിറ്റ്സർലന്‍റിലെ സാംസ്കാരിക കൂട്ടായ്മകളിൽ ജാനറ്റിന്‍റെ കലാവിരുന്ന് സുപ്രധാന ഇനമാണിന്ന്. ക്രിസ്മസ്, ഈസ്റ്റർ, ഓണം എന്നീ ആഘോഷവേളകളിൽ സഹോദരനായ ജോയലിനൊപ്പം വേദിയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിലും ഈ മിടുക്കി കഴിവു തെളിയിച്ചിട്ടുണ്ട്. വയലിൻ അഭ്യസിക്കുന്ന ജാനറ്റ് സ്വിറ്റ്സർലന്‍റിലെ സൂറിച്ച് മ്യൂസിക് സ്കൂളിൽനിന്നും ലെവൽ 4 പാസാകുകയും ചെയ്തിട്ടുണ്ട്. സൂറിച്ചിലെ 2017 ഇന്‍റർനാഷണൽ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക് എന്നിവയിൽ ഒന്നാംസ്ഥാനം നേടി കലാരത്നയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാമേഖലയിലെ നേട്ടങ്ങളെ മാനിച്ച് ഈ വർഷത്തെ ഗർഷോം യംഗ് ടാലന്‍റ് അവാർഡ് ഡിസംബർ ഒന്നിന് ദുബായിൽ നടന്ന ചടങ്ങിൽ ജാനറ്റ് ഏറ്റുവാങ്ങി.ആഷ്‌ലി ജോസഫ്