ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തെ ജർമനി പിന്തുണയ്ക്കില്ല
Thursday, December 7, 2017 1:27 PM IST
ബെർലിൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജറുസലം തീരുമാനത്തെ ജർമൻ ഫെഡറൽ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ചാൻസലർ ആംഗല മെർക്കൽ. ഇതു സംബന്ധിച്ച് പ്രഖ്യാപനം മെർക്കലിന്‍റെ വക്താവ് സ്റ്റെഫാൻ സെബെർട്ട് ട്വിറ്ററിലൂടെ അറിയിച്ചു. ജറുസലം ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയതിന്‍റെ വെളിച്ചത്തിലാണ് മെർക്കലിന്‍റെ പ്രതികരണം.

നിലവിൽ ടെൽ അവീവാണ് ഇസ്രയേലിന്‍റെ തലസ്ഥാനം. ജറുസലേമിന്‍റെ സ്ഥാനം ഒരു സംസ്ഥാനമെന്ന ചട്ടക്കൂടിനകത്ത് നിർത്തി മാത്രമേ ജർമനിക്ക് കാണാൻ കഴിയൂ എന്നാണ് വക്താവ് അറിയിച്ചത്. അല്ലാതെ ഒരു പിന്തുണയ്ക്കലല്ല എന്നും വക്താവ് ട്വിറ്ററിൽ കുറിച്ചു.

എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് ട്രംപിന്‍റെ തീരുമാനത്തെ ജർമൻ വിദേശകാര്യമന്ത്രി സീഗ്മാർ ഗാബ്രിയേൽ വിശേഷിപ്പിച്ചു. ഈ തീരുമാനം’’ ഇസ്രയേലും ഫലസ്തീനികളും തമ്മിലുള്ള സംഘർഷത്തിന് പുതിയ മാനമുണ്ടാകുമെന്നും ഗാബ്രിയേൽ കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ തീരുമാനത്തെ യൂറോപ്യൻ യൂണിയൻ ആശങ്ക പ്രകടിപ്പിച്ചു. പ്രഖ്യാപനം വളരെ ശോചനീയമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍ പറഞ്ഞു. അതേസമയം ട്രംപിന്‍റെ പ്രഖ്യാപനത്തെ ലോകം മുഴുവൻ അപലപിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള കരാർ പ്രശ്നം വഷളാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മുന്നറിയിപ്പ്. ഇസ്രയേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിവാദ നടപടിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അപലപിച്ചു. മധ്യപൂർവേഷ്യയിലെ സമാധാന ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയാണ് ട്രംപിന്‍റെ പ്രഖ്യാപനമെന്നാണ് തെരേസ അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ