റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുടിൻ വീണ്ടും മത്സരിക്കും
Thursday, December 7, 2017 1:30 PM IST
മോസ്കോ: അടുത്ത വർഷം മാർച്ചിൽ നടക്കുന്ന റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് വ്ളാദിമിർ പുടിൻ. ഒരു കാർ ഫാക്ടറിയിലെ തൊഴിലാളിളെ അഭിസംബോധന ചെയ്യവേയാണ് പുടിൻ പുതിയ പ്രഖ്യാപനം നടത്തിയത്.

2000 മുതൽ റഷ്യയിൽ പുടിൻ അധികാരത്തിലുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2024 വരെ അധികാരത്തിൽ തുടരാം. ആറുവർഷമാണ് പ്രസിഡന്‍റിന്‍റെ കാലാവധി.

പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനിറങ്ങുമെന്ന് റഷ്യൻ ടിവി ജേണലിസ്റ്റ് സേനിയ സോബ്ചാക് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അഭിപ്രായ സർവേകൾ എല്ലാം തന്നെ പുടിന് അനുകൂലമാണ്. പ്രധാന പ്രതിപക്ഷ നേതാവായ അലക്സി നവാൽനിക്ക് കോടതി ശിക്ഷ വിധിച്ചിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ലോകവേദികളിൽ റഷ്യയ്ക്കു നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിച്ച നേതാവായാണ് ഇപ്പോൾ പുടിനെ ഭൂരിപക്ഷം ജനങ്ങളും വിലയിരുത്തുന്നത്. സിറിയ, ക്രിമിയ പ്രശ്നങ്ങളിൽ അവർ പുടിനു പിന്നിൽ ശക്തമായി ഉറച്ചു നിൽക്കുന്നു.

പലപ്പോഴും ലോകത്തെ വിറപ്പിക്കുന്ന പാരമർശങ്ങളും നടപടികളും ചെയ്യുന്ന പുടിനെപ്പറ്റി ഒരു കാര്യത്തിൽ ലോകജനതയ്ക്ക് ആശ്വസിക്കാം. ലോകത്തിനു ഭീഷണിയായ മാനവസമൂഹത്തിനു വെല്ലുവിളിയുർത്തിയ ഐഎസ് ഭീകരർക്കെതിരെ സന്ധിയില്ലെന്നുറപ്പിച്ച് തന്േ‍റടത്തോടെ റഷ്യൻ സൈന്യത്തെ സജ്ജമാക്കി പടപൊരുതിച്ച പുടിൻ കഴിവു തെളിയിച്ച രാജ്യസ്നേഹിയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ