ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഡൽഹി മലയാളി അസോസിയേഷൻ
Thursday, December 21, 2017 1:31 PM IST
ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സഹായ ഹസ്തവുമായി ഡൽഹി മലയാളി അസോസിയേഷൻ. ഡൽഹിയിലെ ജൻപത് റോഡിൽ എം.പി. വീരേന്ദ്ര കുമാറിന്‍റെ വസതിയിലെത്തി രണ്ടു ലക്ഷം രൂപയുടെ സഹായ ധനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഡിഎംഎ കൈമാറി.

ആപത്ഘട്ടങ്ങളിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് ഒരു കൈത്താങ്ങായി എത്തിയ ഡൽഹി മലയാളി അസോസിയേഷന്‍റെ സ്നേഹവും കരുതലും പ്രശംസനീയമാണെന്നും അവർ നൽകിയ തുക ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും സഹായധനം ഏറ്റുവാങ്ങിക്കൊണ്ട് വീരേന്ദ്ര കുമാർ പറഞ്ഞു.

ലോകമെന്പാടുമുള്ള മലയാളികൾ ഓഖി ദുരിത ബാധിതരായ നമ്മുടെ സഹോദരങ്ങൾക്കൊപ്പമുണ്ടെന്നുള്ളതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹി മലയാളി അസോസിയേഷന്‍റെ ശാഖകൾ കേവലം രണ്ടു ദിവസങ്ങൾകൊണ്ട് സ്വരുക്കൂട്ടിയ തുക എത്രയും പെട്ടെന്ന് സഹായനിധിയിലേക്കു കൈമാറാൻ സാധിച്ചതെന്ന് രാജ്യസഭാ ഉപാധ്യക്ഷനും ഡിഎംഎയുടെ രക്ഷാധികാരിയുമായ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു.

പ്രസിഡന്‍റ് സി.എ. നായർ, വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ജോയിന്‍റ് ഇന്േ‍റണൽ ഓഡിറ്റർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗങ്ങളായ ജി. തുളസീധരൻ, ഉഷാ സുധാകരൻ, രമാ സുനിൽ, മയൂർ വിഹാർ ഫേസ്2 ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, ബദർപുർ ഏരിയ സെക്രട്ടറി ഹരിദാസ് വടകര, മുൻ ട്രഷറർ രവീന്ദ്രൻ പിരിയത്ത്, മാതൃഭൂമിയുടെ എൻ. അശോകൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി