കൊപ്പേൽ സെന്‍റ് അൽഫോൻസായിൽ ഫാമിലി നൈറ്റും ജൂബിലേറിയൻ സംഗമവും
Wednesday, January 3, 2018 11:01 PM IST
ഡാളസ്: കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ക്രിസ്മസ് സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഫാമിലി നൈറ്റും ജൂബിലേറിയൻ ദന്പതീ സംഗമവും ശ്രദ്ധേയമായി.

2017 ഡിസംബർ 29 ന് ദേവാലയത്തിൽ ആരാധനക്കും ദിവ്യബലിക്കും ശേഷം സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ. പുതുവർഷത്തിലേക്കു പ്രവേശിക്കുന്നതിനൊരുക്കമായി കടന്നുപോയ വർഷത്തിൽ ദൈവം നൽകിയ അനുഹ്രഹങ്ങൾക്കു നന്ദിയും കൃതജ്ഞതയുമർപ്പിച്ചാണ് കുടുംബദിനാചരണസന്ധ്യയും ജൂബിലേറിയൻ ദന്പതീ സംഗമവും സംഘടിപ്പിച്ചത്.

അനുമോദന സമ്മേളനം വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഉദ്ഘാടനം ചെയ്തു. കുടുംബത്തിനും സമൂഹത്തിനും സഭക്കും ആത്മീയ ദീപ്തി പരത്തുന്ന ദീപസ്തംഭങ്ങളാകുവാവാൻ ദന്പതിമാർക്കാകട്ടെയെന്നു ഫാ ജോണ്‍സ്റ്റി ആശംസിച്ചു. കേക്ക് മുറിച്ചു മധുരം പങ്കുവച്ച ജൂബിലേറിയൻസിനു ഇടവകയുടെ പാരിതോഷികം ഫാ. ജോണ്‍സ്റ്റി സമ്മാനിച്ചു. ഇടവക സമൂഹത്തെ പ്രതിനിധീകരിച്ചു ജോബ് ജോണ്‍ ജൂബിലേറിയൻസിനു ആശംസകൾ നേർന്നു. വിവാഹത്തിന്‍റെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരാണ് ജൂബിലേറിയൻ സംഗമത്തിൽ പങ്കെടുത്തത്. ചടങ്ങിൽ ഇടവകയിലെ ഈ വർഷത്തിലെ നവജാതരെയും അഭിനന്ദിച്ചു.

യുവജനഗായകസംഘം ആലപിച്ച ക്രിസ്മസ് കരോൾ ഗീതങ്ങകളും ഇടവകയിലെ 12 പ്രാർഥനാ കൂട്ടായ്മകളിലെ ഗായകസംഘങ്ങളിൽനിന്നായി അന്പതോളം പേർ ചേർന്നാലപിച്ച കുടുംബഗീതങ്ങളും തിരുപ്പിറവിഗാനങ്ങളും രാവിനെ സംഗീതസാന്ദ്രമാക്കി. ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കി തൂവെളള വസ്ത്രധാരികളായി കൊച്ചു കുട്ടികൾ അവതരിപ്പിച്ച സിംഗിംഗ് ഏഞ്ചൽസ്’ കാരളും ശ്രദ്ധേയമായിരുന്നു.

സെക്രട്ടറി ജെജു ജോസഫ്, ട്രസ്റ്റിമാരായ ഡെന്നി ജോസഫ്, ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ