നോയിഡ അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് മഹോത്സവം 14 ന്
Friday, January 5, 2018 5:55 PM IST
ന്യൂഡൽഹി: നോയിഡ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്ടർ 62ലെ അയ്യപ്പ ക്ഷേത്രത്തിൽ പതിനേഴാമതു മകരവിളക്കു മഹോത്സവം ജനുവരി 14നു (ഞായർ) രാവിലെ നിർമാല്യ ദർശനത്തോടെ തുടക്കമിടും.

മഹാ ഗണപതി ഹോമം, അഭിഷേകം വാകച്ചാർത്ത്, ഉഷ:പൂജ തുടങ്ങി ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന വിശേഷാൽ പൂജകളോടെയാവും ഇത്തവണ മഹോത്സവം കൊണ്ടാടുക.

രാവിലെ 7.30 മുതൽ പല്ലശന ഉണ്ണിമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യവും തുടർന്നു ചെണ്ടമേളവും ഉണ്ടാവും. 10ന് ക്ഷേത്രത്തിലെ നടപ്പുരയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഡോ. മഹേഷ് ശർമ്മ നിർവഹിക്കും. പങ്കജ് സിംഗ് എംഎൽഎ, നോയിഡ അയ്യപ്പ ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍റ് ടി.പി. നന്ദൻ, മറ്റു ഭാരവാഹികൾ, രാമമൂർത്തി, വി.വി. രംഗനാഥൻ, ബീനാ ബാബുറാം, ബാബു പണിക്കർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു ഗാനപ്രവീണ ആലപ്പുഴ സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ഡൽഹി മെലഡി കിംഗ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനമേള. 12.30ന് അന്നദാനം.

വൈകിട്ട് 4.30നു സെക്ടർ 62ലെ ജഐസ്എസ് കോളജിനടുത്തുള്ള ഗണപതി അന്പലത്തിൽ നിന്നും താലപ്പൊലി എഴുന്നെള്ളത്ത് ആരംഭിക്കും. പഞ്ചാരിമേളം, ശൂലം കുത്തിയുള്ള കാവടിയാട്ടം, ഗാസിയാബാദിലെ ശിവനും സംഘവും അവതരിപ്പിക്കുന്ന അമ്മൻകുടം, മണ്‍ചെരാതുകളിൽ ദീപനാളങ്ങളും പൂത്താലവുമേന്തിയ ബാലികമാരും സ്ത്രീജനങ്ങളും, പുഷ്പാലംകൃതമായ രഥത്തിൽ അയ്യപ്പ സ്വാമിയുടെ ഛായാ ചിത്രവും വഹിച്ചുകൊണ്ടു നടക്കുന്ന താലപ്പൊലി എഴുന്നെള്ളത്തിന് അകന്പടിയാകും. വൈകുന്നേരം സൂര്യാസ്തമയ സമയത്ത് ക്ഷേത്രത്തിൽ ദീപാരാധന. തുടർന്നു ക്ഷേത്രത്തിലെത്തുന്ന താലപ്പൊലി എഴുന്നെള്ളത്തിനു ഭക്തജനങ്ങൾ സ്വാഗതമോതും. തുടർന്നു മകര മഹോത്സവത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കുന്ന പ്രസാദമായ ഉണ്ണിയപ്പ വിതരണവുമുണ്ടാവും.

രാത്രി ഏഴിനു നടക്കുന്ന ഭദ്രദീപ പ്രകാശന കർമത്തിൽ നോയിഡ മുൻ എസ്എസ്പി, എസ്. കിരണ്‍ ഐപിഎസ്, നോയിഡ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ, കണ്‍വീനർ മധുസൂദനൻ നായർ, നോയിഡ അയ്യപ്പ പൂജാ സമിതി പ്രസിഡന്‍റ് ജി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് വി. ജയപ്രകാശ്, സെക്രട്ടറി എൻ.ജി. പ്രതാപൻ, ജോയിന്‍റ് സെക്രട്ടറി കെ.ജി. പ്രദീപ്, ട്രഷറർ ബാബു പിള്ള, ജോയിന്‍റ് ട്രഷറർ രാജു ഗോപാൽ, രക്ഷാധികാരി എസ്.എസ്. പിള്ള, എന്നിവരെക്കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടർന്നു പിന്നണി ഗായകനായ നിഖിൽരാജ് നയിക്കുന്ന ഗാനമേള. രാത്രി 10 ന് നടക്കുന്ന അന്നദാനത്തോടുകൂടി മകരവിളക്ക് മഹോത്സവത്തിന് സമാപനമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് 9990841616, 9811744625.

റിപ്പോർട്ട്: പി.എൻ. ഷാജി