ലോക കേരളസഭ: ജോണ്‍സണ്‍ മാമാലശേരി പ്രത്യേക ക്ഷണിതാവ്
Saturday, January 6, 2018 12:39 PM IST
മെൽബണ്‍: തിരുവനന്തപുരത്ത് 12, 13 തീയതികളിൽ നടക്കുന്ന ലോക കേരള സഭയിലേക്കു പ്രത്യേക ക്ഷണിതാവായി ഓസ്ട്രേലിയയിലെ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ വൈസ് പ്രസിഡന്‍റുമായ ജോണ്‍സണ്‍ മാമാലശേരിയെ തെരഞ്ഞെടുത്തു.

2018 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസി മലയാളികൾക്ക് പുറമേ എംഎൽഎമാർ, എംപിമാർ എന്നിവരും ഇതിൽ അംഗങ്ങൾ ആയിരിക്കും.

ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്യുന്നത്. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിൻറെ വികസനത്തിനു പ്രവർത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.ലോക കേരളത്തിന്‍റെ താല്പര്യ വൃത്തത്തിൽ വരുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതു സമ്മതമായ തീരുമാനങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അനുഭാവ പൂർവമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും ലോക കേരള സഭ നടപടികൾ സ്വീകരിക്കും.

റിപ്പോർട്ട്: എൽദോ പോൾ