കോട്ടയം സ്വദേശിനി ഷെറിൻ മാനുവേലിന് ദക്ഷിണാഫ്രിക്കയിൽ ഉന്നത വിജയം
Saturday, January 6, 2018 9:43 PM IST
ഈസ്റ്റ്ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ ഈ വർഷം നടന്ന സീനിയർ സെക്കൻഡറി പരീക്ഷയിൽ ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയിൽപെട്ട ഈസ്റ്റ്ലണ്ടനിൽ നിന്നും കോട്ടയം സ്വദേശിനിയായ ഷെറിൻ മാനുവേൽ ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. ഈസ്റ്റ്ലണ്ടനിൽ നടന്ന ചടങ്ങിൽ പ്രിമിയറും വിദ്യാഭ്യാസ മന്ത്രിയും ചേർന്നു സ്കോളർഷിപ്പ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

യുണിവേഴ്സിറ്റി ഓഫ് കേപ്ടൗണിൽ വൈദ്യശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്ന ഷെറിന്‍റെ വിദ്യാഭ്യാസ ചെലവുകൾ വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്.

ക്ലാരിങ്ങ്ടൻ ഹൈസ്കൂൾ വിദ്യാർഥിനിയായ ഷെറിൻ, കാഞ്ഞിരപ്പള്ളി പൊടിമറ്റം പാലയ്ക്കൽ കുടുംബാംഗമായ സുനിൽ മാനുവേലിന്‍റേയും രാജിയുടെയും മകളാണ്. സഹോദരൻ: ഷെയിൻ. സുനിലും രാജിയും ഈസ്റ്റ്ലണ്ടനിലുള്ള വിവിധ സീനിയർ സെക്കൻഡറി സ്കൂളുകളിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്‍റ് ആയും സീനിയർ ടീച്ചറായും പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: കെ.ജെ. ജോണ്‍