ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ ബിഎംടിസി
Tuesday, April 10, 2018 10:58 PM IST
ബംഗളൂരു: ഇലക്ട്രിക് ബസുകൾക്കു പിന്നാലെ സാധാരണ ബസുകളും വാടകയ്ക്ക് എടുത്ത് സർവീസ് നടത്താൻ ബിഎംടിസി. 1500 ബസുകളാണ് ഇത്തരത്തിൽ വാടകയ്ക്കെടുക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കാലഹരണപ്പെട്ട ആയിരത്തോളം ബസുകൾ പൊളിച്ചുമാറ്റാൻ നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ഈ ബസുകൾക്കു പകരം വാടകയ്ക്കെടുത്ത ബസുകൾ ഓടിക്കാനാണ് തീരുമാനം.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ബിഎംടിസി പുതിയ 1500 ബസുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതിയ ബസുകൾ വാങ്ങുന്നതിനേക്കാൾ, വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നതാണ് ലാഭകരമെന്ന് കണ്ടെത്തിയതോടെയാണ് സ്വകാര്യ സംരംഭകരുമായി കരാറിൽ ഏർപ്പെടാൻ ബിഎംടിസി തീരുമാനിച്ചത്. കരാർ അനുസരിച്ച്, വാഹനത്തിന്‍റെ അറ്റകുറ്റപ്പണികളും ഇന്ധനച്ചെലവും സ്വകാര്യകമ്പനിയുടെ ചുമതലയാണ്.