നേപ്പാളിന് 60 ഭവനങ്ങൾ കൈമാറി
Monday, April 16, 2018 5:14 PM IST
ബംഗളൂരു: ഭൂകന്പത്തെ തുടർന്ന് ദുരിതത്തിലായ നേപ്പാളി ജനതയ്ക്ക് ബംഗളൂരു കെയേഴ്സ് ഫോർ നേപ്പാൾ നിർമിച്ചുനല്കിയ 60 വീടുകൾ കൈമാറി. ധ്വലാക ജില്ലയിലെ തർതുംഗ് ഗ്രാമത്തിൽ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വീടുകൾ നിർമിച്ചു നല്കിയത്. ഓരോ വീടിനും മൂന്നു ലക്ഷം രൂപ വീതം ചെലവായി. മുപ്പതു വീടുകൾ സ്പാനിഷ് ഏജൻസിയായ പ്രൊക്ലേഡിൻറെ സഹകരണത്തോടെയും ബാക്കിയുള്ളവ ബംഗളൂരു ആസ്ഥാനമായ ഇറ്റാലിയൻ ഏജൻസിയായ എയ്ഫോയുടെ പിന്തുണയോടെയുമാണ് നിർമിച്ചത്.

ഫാ. ജോർജ് കണ്ണന്താനത്തിൻറെ നേതൃത്വത്തിലുള്ള ബംഗളൂരു കെയേഴ്സ് ഫോർ നേപ്പാൾ, ഭൂചലനത്തിനു ശേഷം സമാനമായ വിവിധ സംഘടനകളെ ഒന്നിച്ചുചേർത്ത് ദുരിതബാധിതർക്ക് സഹായമെത്തിച്ചിരുന്നു. ഫാ. ആൻറണിയുടെ നേതൃത്വത്തിലുള്ള എക്കോയുടെയും എയ്ഫോ അംഗമായ എം.വി. ജോസിൻറെയും സഹകരണത്തോടെ വിവിധ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിവരികയാണ്.