മോദിയെ വിമർശിച്ചതോടെ ബോളിവുഡ് തഴയുന്നു: പ്രകാശ് രാജ്
Tuesday, May 8, 2018 1:19 AM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനു ശേഷം തന്നെ ബോളിവുഡ് തഴയുകയാണെന്ന് നടൻ പ്രകാശ് രാജ്. മോദിക്കെതിരേ ശബ്ദമുയർത്തി ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചതിനു ശേഷം തനിക്ക് ബോളിവുഡിൽ നിന്ന് അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്. എന്നാൽ, തെന്നിന്ത്യൻ സിനിമാ മേഖലയ്ക്ക് ഈ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ നടന്ന കർണാടക നൗ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു താരം.

എന്നെ ദരിദ്രനാക്കാൻമാത്രം കരുത്തരല്ല അവർ. എന്‍റെ കൈയിൽ ആവശ്യത്തിന് പണമുണ്ട്, ഇനിയും സമ്പാദിക്കാനുള്ള കരുത്തുമുണ്ട്. അവർക്ക് എന്നെ തടയാനാവില്ല- പ്രകാശ് രാജ് പറഞ്ഞു.

നേരത്തെ, ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദത ചോദ്യംചെയ്തതിനു ശേഷം തന്നെ പരസ്യചിത്രങ്ങളിൽ നിന്ന് ഒഴിവാക്കുന്നതായി പ്രകാശ് രാജ് പറഞ്ഞിരുന്നു.