സുവർണസ്പർശം ആകാശയാത്ര
Thursday, June 7, 2018 12:49 AM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം കന്‍റോൺമെന്‍റ് സോൺ, ബംഗളൂരു ഈസ്റ്റ് സോൺ, കൊത്തന്നൂർ സോൺ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്തുള്ള ബിആർസിയിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ആകാശയാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കന്നംകുളം നഗരസഭയുടെ സഹകരണത്തോടെ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിഡ് ചിറമ്മേലിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശാരീരികന്യൂനതകളുള്ള ഒരുകൂട്ടം വിദ്യാർഥികൾക്കു വേണ്ടിയാണ് ബിആർസിയിലെ അധ്യാപകരും രക്ഷിതാക്കളും കുന്നംകുളം നഗരസഭയും സുവർണകർണാടക കേരളസമാജവും കൈകോർത്തത്.

കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും ബംഗളൂരുവിലെ രണ്ടു ദിവസത്തെ താമസവും ഭക്ഷണവും യാത്രയും സൗകര്യപ്പെടുത്തിയത് സുവർണകർണാടക കേരളസമാജത്തിന്‍റെ സഹായത്തോടെയാണ്. മേയ് 14ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ 52 പേരടങ്ങിയ സംഘത്തെ സുവർണകർണാടക കേരളസമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊത്തന്നൂരിലുള്ള സെന്‍റ് നോബർട്ട് സ്കൂളിൽ രാത്രി കുട്ടികൾക്കായുള്ള കലാവിരുന്നും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. മേയ് 15ന് വിദ്യാർഥികൾക്ക് ബംഗളൂരു നഗരസൗന്ദര്യം ആസ്വദിക്കാനും ജെപി പാർക്കിൽ ഉല്ലസിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. അവരുടെയൊപ്പം സംഘടനയിലെ കുടുബങ്ങളും കുട്ടികളും രണ്ടു ദിവസം ചെലവഴിച്ചു.

സുവർണകർണാടക കേരളസമാജം കന്‍റോൺമെന്‍റ് സോൺ ചെയർമാൻ ഷാജൻ കെ. ജോസഫ്, കൺവീനർ സി. രമേശൻ, ബംഗളൂരു ഈസ്റ്റ് സോൺ ചെയർമാൻ കെ.ജെ. ബൈജു, കൺവീനർ പി.സി. ഫ്രാൻസിസ്, കൊത്തന്നൂർ സോൺ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ, കൺവീനർ എൻ.എൻ. സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശശിധരൻ, കന്‍റോൺമെന്‍റ് ജോയിന്‍റ് കൺവീനർ ചന്ദ്രബോസ്, യൂത്ത് വിംഗ് കൺവീനർ ഷിജോ എബിൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ ജെസി വിൽസൺ എന്നിവർ നേതൃത്വം നൽകി.