ജർമനിയിൽ ട്രെയിൻ തട്ടി ആടുകൾ കൂട്ടത്തോടെ ചത്തു
Thursday, June 7, 2018 1:05 AM IST
ബർലിൻ: റെയിൽ പാളത്തിലൂടെ മേഞ്ഞുനടന്ന ആട്ടിൻകൂട്ടം ട്രെയിൻ തട്ടി ചത്തു. ജർമനിയിലെ ബാഡൻവ്യുർട്ടംബർഗിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 450 ഓളം ആടുകളാണ് പാളത്തിൽ കടന്നുകയറിയത്. അതിൽ അൻപതെണ്ണം ചത്തുവെന്നാണ് പോലീസ് റിപ്പോർട്ട്. നിരവധിയെണ്ണത്തിന് പരിക്കേറ്റിട്ടുണ്ട്.

ബാഡൻവ്യുർട്ടംബർഗിൽ നിന്നും സിംഗൻവഴി കടന്നു പോകുന്ന പ്രാദേശിക ട്രെയിനാണ് ആട്ടിൻകൂട്ടത്തിനിടയിലേക്ക് കയറിയത്.ലോക്കോ ഡ്രൈവർ സൈറണ്‍ മുഴക്കിയെങ്കിലും ആടുകൾ റെയിൽപാളത്തിൽ നിന്നും മാറാൻ താമസിച്ചപ്പോൾ ഡ്രൈവർ സഡൻ ബ്രേക്കിട്ടെങ്കിലും ആടുകളുടെ മേൽ കയറുകയാണുണ്ടായത്.

ട്രെയിൻ പെട്ടെന്നു ബ്രേക്ക് ചെയ്തതിനാൽ ഡ്രൈവർ അടക്കം നാല് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്നു ഇരുഭാഗത്തേയ്ക്കുമുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ