മാർപാപ്പയുടെ അയർലൻഡ് സന്ദർശനം ഓഗസ്റ്റ് 25, 26 തീയതികളിൽ
Thursday, June 7, 2018 1:19 AM IST
ഡബ്ലിൻ: ഫ്രാൻസിസ് മാർപാപ്പയുടെ അയർലൻഡ് സന്ദർശനം ഓഗസ്റ്റ് 25, 26 തീയതികളിൽ നടക്കും. ലോക കുടുംബ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മാർപാപ്പ അയർലൻഡിൽ എത്തുന്നത്.

അലിറ്റാലിയ വിമാനത്തിൽ 25 നു രാവിലെ ഡബ്ലിൻ എയർപോർട്ടിൽ എത്തുന്ന മാർപാപ്പ പ്രത്യേക വാഹനത്തിൽ ഡബ്ലിൻ നഗരത്തിലൂടെ യാത്ര നടത്തും. തുടർന്നു ഫീനിക്സ് പാർക്കിലുള്ള ഐറിഷ് പ്രസിഡന്‍റിന്‍റെ വസതിയിൽ പ്രസിഡന്‍റ് മൈക്കിൾ ഡി ഹിഗിൻസുമായി കൂടിക്കാഴ്ച നടത്തും.

ഡബ്ലിൻ കാസിലിൽ പ്രധാനമന്ത്രി ലിയോ വരാദ്ക്കർ ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കുന്ന മാർപാപ്പ, ഡബ്ലിൻ പ്രോ കത്തീഡ്രലിൽ ആർച്ബിഷപ് ഡർമിറ്റ് മാർട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം കപ്പുച്ചിൻ ഡേ സെന്‍ററിലെത്തി അവിടുത്തെ സേവനപ്രവർത്തനങ്ങൾ നേരിൽ കാണും. വൈകുന്നേരം ഡബ്ളിൻ ക്രോക്ക് പാർക്കിൽ നടക്കുന്ന ലോക കുടുംബ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുന്ന ഒരു ലക്ഷത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കും.

26 നു രാവിലെ അയർലൻഡിലെ മരിയൻ തീർഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിക്കും. തിരിച്ചു ഡബ്ളിനിലെത്തുന്ന മാർപാപ്പ ഉച്ചകഴിഞ്ഞു ഡബ്ലിൻ ഫീനിക്സ് പാർക്കിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. രാത്രി എട്ടോടെ മാർപാപ്പ റോമിലേക്ക് തിരിച്ചുപോകും.

കനത്ത സുരക്ഷായാണ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ചു ഒരുക്കുന്നത്. മാർപാപ്പയോടൊപ്പം വത്തിക്കാന്‍റെ 100 പത്ര പ്രവർത്തകരും സുരക്ഷ ഒരുക്കുന്ന സ്വിസ് ഗാർഡുകളും കൂട്ടിനുണ്ടാകും. മാർപാപ്പയുടെ സന്ദർശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. അഞ്ഞൂറോളം മലയാളികളുൾപ്പെടെ നൂറുകണക്കിന് വോളണ്ടിയേഴ്സിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.

റിപ്പോർട്ട്: രാജു കുന്നക്കാട്ട്